കോൺഗ്രസ് പ്രവർത്തകന്റെ കാർ തട്ടി പരുക്ക്; മനഃപൂർവം ഇടിച്ചതെന്ന് ചിന്ത ജെറോമിന്റെ പരാതി
Mail This Article
കൊല്ലം∙ ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ കോൺഗ്രസ് പ്രവർത്തകന്റെ കാർ പിന്നോട്ട് എടുത്തപ്പോൾ ദേഹത്ത് ഇടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരുക്ക്. മനഃപൂർവം കാർ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണം കളവാണെന്നു കോൺഗ്രസും പറയുന്നു.
ഇന്നലെ രാത്രി തിരുമുല്ലവാരത്താണു സംഭവം. ചർച്ചയ്ക്കിടെ കോൺഗ്രസ് –സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കിൽ എത്തിയിരുന്നു. ചർച്ച കഴിഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ ബിനോയ് ഷാനൂർ തന്റെ കാറിൽ മടങ്ങാൻ ഒരുങ്ങവേ ഡ്രൈവർ കാർ പിന്നോട്ട് എടുക്കുമ്പോൾ സമീപം നിൽക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് തട്ടുകയായിരുന്നു.
കാർ ഒാടിച്ചിരുന്ന സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ എന്നിവർക്ക് എതിരെയാണ് ചിന്താ ജെറോം പരാതി നൽകിയത്. ചിന്താ ജെറോമിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനഃപൂർവം കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകർ ആരോപിച്ചു.
എന്നാൽ കാർ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നു എന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ ചിന്താ ജെറോമിനെ സന്ദർശിച്ചു.