‘സുരക്ഷിതനെന്ന് പറഞ്ഞു, പക്ഷേ കോൾ പെട്ടെന്ന് കട്ടായി’: വീട്ടുകാരെ ഫോൺ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ള ധനേഷ്
Mail This Article
കൽപറ്റ∙ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലുള്ള വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ചതായി കുടുംബം. വീട്ടിലേക്കു വിളിച്ച ധനേഷ് താൻ സുരക്ഷിതനാണെന്നു പറഞ്ഞെന്ന് കുടുംബം വ്യക്തമാക്കി. എന്നാൽ പെട്ടെന്ന് കോൾ കട്ടായതായും എവിടെനിന്നാണ് ധനേഷ് വിളിച്ചതെന്ന് അറിയില്ലെന്നും കുടുംബം വിശദീകരിച്ചു. ഇൻ്റർനെറ്റ് കോൾ ആണ് വിളിച്ചതെന്നും ശബ്ദം തിരിച്ചറിയുന്ന വിധത്തിൽ വ്യക്തമായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു.
അതേസമയം, കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സി അറിയിച്ചു. പാലക്കാട് സ്വദേശി സുമേഷിന്റെ കുടുംബവുമായി കമ്പനി ബന്ധപ്പെട്ടു. കപ്പലിലുള്ളവർ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചതായി തൃശൂർ സ്വദേശി ആൻ ടെസ്സയുടെ കുടുംബം മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘എല്ലാവരും സുരക്ഷിതരാണ്. ആർക്കും നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ഭക്ഷണം ലഭിക്കുന്നുണ്ട്. കപ്പലിലുള്ളവർ അവരുടെ ജോലികൾ തുടരുന്നുണ്ട്. ഇറാനിലെ ഒരു തുറമുഖത്താണ് കപ്പൽ. ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്’’– കമ്പനിയിൽ നിന്നും വിവരം ലഭിച്ചതായി ആൻ ടെസ്സയുടെ കുടുംബം പറഞ്ഞു.
ഇറാന്റെ പിടിയിലുള്ള കപ്പലിൽ നാല് മലയാളികളാണുള്ളത്. തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികൾ. ഇവരുൾപ്പെടെ 17 പേരാണ് ഇന്ത്യക്കാർ. കപ്പലിൽ ആകെ 25 ജീവനക്കാരാണ് ഉള്ളത്.
ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇസ്രയേൽ ബന്ധമുള്ള എംഎസ്‌സി ഏരീസ് എന്ന ചരക്കുകപ്പൽ ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്.
ഇസ്രയേൽ ചരക്കുകപ്പലിലുള്ള 17 ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാൻ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.