ADVERTISEMENT

തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോട്ടയം സ്വദേശി നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവർ അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായിരുന്നുവെന്ന കാര്യം കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്. ഇവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കാനും കുടുംബാംഗങ്ങൾ ശ്രമിച്ചിരുന്നതായാണു വെളിപ്പെടുത്തൽ. പ്രളയം വന്ന് ഭൂമി നശിക്കും മുന്‍പ് അന്യഗ്രഹത്തില്‍ പുനര്‍ജന്മം നേടാമെന്ന വിചിത്രവിശ്വാസമാണു മൂവരുടെയും മരണത്തിലേക്കു നയിച്ചത്. ഉയര്‍ന്ന പ്രദേശത്ത് എത്തി മരിച്ചാല്‍ എളുപ്പം പുനര്‍ജന്മം നേടാമെന്ന നവീന്റെ ആശയമാണു മരണത്തിനായി അരുണാചല്‍ പ്രദേശ് തിരഞ്ഞെടുക്കാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കി.

‘‘നമുക്കു മനസ്സിലാകുന്ന ഒരു പ്രധാനപ്പെട്ട കാര്യം, ഇതിൽ നവീൻ തോമസ് എന്ന വ്യക്തിക്കു പല തരത്തിലുള്ള വിശ്വാസങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതാണ്. അന്യഗ്രഹ ജീവിതം പോലുള്ള പല കാര്യങ്ങളെക്കുറിച്ചും ആ വ്യക്തിയുടെ മനസ്സിലുണ്ടായിരുന്ന പല ചിന്തകളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ ശ്രമം നടത്തിയിരുന്നു. ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരുമായി ഈ ചിന്തകൾ നവീൻ തുടർച്ചയായി പങ്കുവച്ചിരുന്നു എന്നാണു നമുക്കു മനസ്സിലാകുന്നത്. ആ ചിന്തകൾ വളർന്നാണ് ഇത്തരമൊരു അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിയത്.’’ – തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണർ പി. നിധിൻരാജ് വിശദീകരിച്ചു. 

‘‘2014 മുതൽത്തന്നെ നവീൻ ഈ വിഷയവുമായി ബന്ധപ്പെട്ടു പഠിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. നവീൻ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സങ്കേതങ്ങളിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചിന്തയെ വളർത്തിയെടുത്തത്. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തി നവീനെ ഈ ചിന്തകളിലേക്കു നയിച്ചതാണെന്നു തോന്നുന്നില്ല.’’ – നിധിൻരാജ് പറഞ്ഞു.

അതേസമയം, നവീനും ദേവിയും ആര്യയും അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായിരുന്ന കാര്യം അവരുടെ കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നാണു പൊലീസിന്റെ ഭാഷ്യം. അതിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ കുടുംബം ശ്രമിച്ചിരുന്നു. ദേവിയുമായുള്ള ബന്ധത്തെ ആര്യയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. 2022ൽ ആര്യയെ ഒരു മാനസിക രോഗ വിദഗ്ധനെ കാണിച്ചിരുന്നുവെന്നും പൊലീസ് പറുന്നു. ഒപ്പം പഠിച്ചിരുന്നവരും സുഹൃത്തുക്കളുമായി ചിലരെയും തന്റെ വിശ്വാസങ്ങളിലേക്ക് അടുപ്പിക്കാൻ നവീൻ ശ്രമിച്ചിരുന്നതായാണു പൊലീസിന്റെ കണ്ടെത്തൽ. രണ്ടു ഡോക്ടർമാർ, ഒരു വൈദികൻ തുടങ്ങിയവരെ നവീൻ തന്റെ ചിന്തകളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവർ സഹകരിച്ചില്ല. 

ഡോൺ ബോസ്കോ എന്ന മെയിൽ ഐഡി തന്റെ രണ്ടാമത്തെ മെയിൽ എന്ന നിലയിൽ ആര്യയാണ് ആരംഭിച്ചത്. ഇത് ഏറെക്കാലം നിർജീവമായിരുന്നു. പിന്നീട് അന്ധവിശ്വാസങ്ങളിലേക്ക് ആകർഷിക്കപ്പെട്ട ശേഷമാണ് ഈ മെയിൽ ഐഡി വീണ്ടും ഉപയോഗിച്ചു തുടങ്ങിയത്. അന്നുമുതൽ ഈ മെയിൽ ഐഡിയുടെ പാസ്‌വേഡ് മൂന്നു പേർക്കും അറിയാമായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ മെയിൽ ഐഡി മൂവരും ഉപയോഗിക്കുകയും ചെയ്തിരുന്നു.

English Summary:

Kerala Police Reveals More Details on Death of Malayalis in Arunachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com