പട്ടാമ്പിയിൽ 30കാരിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവ് ജീവനൊടുക്കി; പ്രണയപ്പകയെന്നു സംശയം
Mail This Article
പട്ടാമ്പി∙ പാലക്കാട് പട്ടാമ്പിയിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു അരുംകൊല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയപ്പകയെ തുടർന്നാണ് സന്തോഷ് പ്രവിയയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)