ദയാധനം നൽകാൻ തയാറെന്ന് കുടുംബം കോടതിയെ അറിയിച്ചു; അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട ഹർജി ഫയലിൽ സ്വീകരിച്ചു
Mail This Article
കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് റഹീമിന്റെ ബന്ധുക്കൾ അറിയിച്ചു. ദയാധനം നൽകാൻ തയാറാണെന്നും കോടതിയെ അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷമായിരിക്കും അന്തിമ വിധി.
സമാഹരിച്ച 34 കോടി രൂപ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോടതി വിധിക്കനുസരിച്ചാണു മരിച്ച സൗദി പൗരന്റെ കുടുംബത്തിനു പണം കൈമാറുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അശ്റഫ് വേങ്ങാട്ട്, റഹീമിന്റെ കുടുംബത്തിന്റെ ലീഗൽ കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂർ എന്നിവരാണ് നിയമനടപടികൾ ഏകീകരിക്കുന്നത്.
2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു. 2006ൽ റിയാദിൽ ജോലിക്കെത്തി ഒരുമാസം തികയുംമുമ്പേയായിരുന്നു സംഭവം.