കോട്ടയത്തെ എംപി ഫണ്ട് വിനിയോഗം; തോമസ് ചാഴിക്കാടന് പറയുന്നു
Mail This Article
കോട്ടയം. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
5 വർഷത്തേക്ക് ലഭിച്ച 17 കോടി രൂപയിൽ 16 കോടി 80 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ പറഞ്ഞു. ഏഴു കോടി രൂപയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. ഇത് 2023 മെയ് മാസത്തിനകം ഗുണപ്രദമായി വിനിയോഗിച്ചു. 2023 ജൂൺ 30ന് 9 കോടി 80 ലക്ഷം രൂപ കൂടി അനുവദിച്ചു. ആ തുകയും പൂർണമായും വിനിയോഗിച്ചു എന്നതിൽ അഭിമാനമുണ്ട്. ഇതിന്‍റെ കൃത്യമായ കണക്ക് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ ആൻഡ് സ്റ്റാറ്ററ്റിക്സ് വകുപ്പിന്‍റെ വെബ് സൈറ്റിൽ ലഭ്യമാണ്. ഫണ്ട് വിനിയോഗം കൃത്യമായി ചെയ്തു തീർക്കാനായത് അംഗീകാരം കിട്ടിയ ഒരു നടപടിയായിരുന്നു. ഇതിന് നല്ല രീതിയിലുള്ള പ്രവർത്തനം അനിവാര്യമായിരുന്നു. 75 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് മണ്ഡലത്തിലുള്ളത്. ഇവയിൽ മുൻഗണനാക്രമം പാലിച്ച് 24,500 രൂപക്ക് ഒരു സ്കൂളിന് കംപ്യൂട്ടർ നൽകിയ ചെറിയ പദ്ധതികൾ മുതല്‍ 34 ലക്ഷം രൂപക്കുള്ള കുടിവെള്ള പദ്ധതി വരെ നടപ്പിലാക്കാൻ സാധിച്ചു. മണീട് പഞ്ചായത്തിലെ കുരുത്തോലതണ്ട് കോളനിയിലാണ് 15 വർഷത്തോളമായി ജനങ്ങളുടെ ആവശ്യമായ കുടിവെള്ള പദ്ധതി നടപ്പിലാക്കാനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.