‘സുരക്ഷയ്ക്കായി കെട്ടിയത് ചെറിയ പ്ലാസ്റ്റിക് കയർ’; മനോജിന്റെ മരണകാരണം പൊലീസിന്റെ പിഴവെന്ന് കുടുംബം
Mail This Article
കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ മനോജ് ഉണ്ണി മരിച്ച സംഭവത്തിൽ മരണകാരണം പൊലീസിന്റെ പിഴവാണെന്ന് ആരോപിച്ച് കുടുംബം. കാണാൻ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞതെന്ന് മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു. ബാരിക്കേഡ് വച്ചിരുന്നെങ്കിൽ സഹോദരൻ മരിക്കില്ലായിരുന്നുവെന്നും ചിപ്പി പറഞ്ഞു.
‘‘വടം മാത്രമേ കെട്ടിയൂള്ളൂ. വടം കാണാനുള്ള ഒന്നുമുണ്ടായിരുന്നില്ല. റോഡിൽ തെരുവ് വിളക്ക് പോലും ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് ഞങ്ങൾ അവിടെയെത്തിയപ്പോഴും തെരുവ് വിളക്ക് കത്തുന്നുണ്ടായിരുന്നില്ല. ആളില്ലാത്ത വഴിയായതിനാൽ അൽപം വേഗത്തിലാണ് അവൻ വണ്ടിയോടിച്ചത്. വലുപ്പമുള്ള വടം ആയിരുന്നെങ്കിൽ കഴുത്തിൽ ഇത്രയും പരുക്കു വരില്ലായിരുന്നു. നാട്ടുകാർ ഒച്ചയുണ്ടാക്കിയ ശേഷമാണ് വടത്തിനു പുറത്തു റിബ്ബൺ കെട്ടിയത്. പിന്നീട് ആ വടം മാറ്റി. അവന്റെ ശരീരത്തിലും തലയിലുമൊന്നും ഒരു പരുക്കുമില്ല. കഴുത്തിലാണ് പരുക്കുകൾ. തലച്ചോറിലേക്കുള്ള ഞരമ്പുകൾക്കെല്ലാം പ്രശ്നമുണ്ടായി. സർജറി ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അതിൽ ഞങ്ങൾക്ക് സംശയമുണ്ട്’’ – ചിപ്പി പറഞ്ഞു.
പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടേക്ക് തിരിച്ച ശേഷം ഇതുസംബന്ധിച്ച വിശദീകരണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. യുവാവ് മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞതെങ്കിലും മനോജ് മദ്യപിക്കില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.