‘കപ്പലിലുള്ളവരെ തടഞ്ഞുവച്ചിട്ടില്ല, കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ യാത്ര സാധ്യമാകും’: ഇന്ത്യയിലെ ഇറാൻ സ്ഥാനപതി
Mail This Article
ന്യൂഡൽഹി∙ ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ചരക്കുകപ്പലിലെ 17 ഇന്ത്യക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും കാലാവസ്ഥ മെച്ചപ്പെട്ടാൽ യാത്ര സാധ്യമാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി. മോശം കാലാവസ്ഥ കാരണം കപ്പൽ തീരത്ത് അടുപ്പിക്കാനോ കപ്പലിനടുത്തേക്കു ബോട്ട് അയയ്ക്കാനോ സാധിച്ചിട്ടില്ലെന്നും കപ്പലിലുള്ളവരെ തടഞ്ഞുവച്ചിട്ടില്ലെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി പറഞ്ഞു.
കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ അവർക്കു യാത്ര സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ സംഘത്തിന് ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർക്ക് കപ്പലിന് അടുത്തേക്ക് എത്താനായില്ലെന്നാണ് വിവരം. കടൽനിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ഏപ്രിൽ 13ന് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇസ്രയേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. 4 മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31), ട്രെയ്നിയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) എന്നിവരാണ് എംഎസ്‌സി ഏരീസ് കപ്പലിലെ മലയാളികൾ.