കോൺഗ്രസ് എന്തുകൊണ്ട് ആർഎസ്എസിന് എതിരെ പോരാടുന്നില്ല? ആനി രാജ പോരാളിയെന്ന് വൃന്ദ കാരാട്ട്
Mail This Article
കൽപറ്റ∙ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി എവിടെ ഒളിപ്പിച്ചുവെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഐഎൻഎല്ലിന്റെ പതാക ഉയർത്തിപ്പിടിച്ചാണ് വൃന്ദ ചോദ്യം ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളിൽ ഒരു പാർട്ടിയുടെയും പതാക ഉപയോഗിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു വൃന്ദയുടെ ചോദ്യം. എൽഡിഎഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
‘‘ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന പിണറായി വിജയന്റെ മുദ്രാവാക്യം ജനം നടപ്പാക്കി. ബിജെപി അക്കൗണ്ട് എൽഡിഎഫ് പൂട്ടിയപ്പോൾ കോൺഗ്രസിന്റെ നേതാവ് കേരളത്തിൽ വന്ന് മത്സരിക്കുന്നത് എന്തിനാണ്. കോൺഗ്രസ് നേതാക്കൾ ഇതിനു മറുപടി പറയണം. അവർ അമേഠിയും റായ്ബറേലിയും ഉപേക്ഷിക്കാൻ പോകുകയാണ്. അഞ്ച് വർഷമായി വയനാട്ടിൽ എംപി ഇല്ലാത്ത അവസ്ഥയായിരുന്നു. കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാരിനെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യാ സഖ്യം രൂപീകരിച്ചത്. നമ്മുടെ ശക്തിയുടെ ഓരോ ഔൺസും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്’’–വൃന്ദ കാരാട്ട് പറഞ്ഞു.
‘‘എന്തുകൊണ്ടാണ് കോൺഗ്രസ് ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയും പോരാട്ടം നടത്താൻ തയാറാകാത്തത്. രാഹുൽ ഗാന്ധി നാമനിർദേശ പത്രിക കൊടുക്കാൻ പോയപ്പോൾ യുഡിഎഫിന്റെ ഭാഗമായ ലീഗിന്റെ പച്ചക്കൊടി ഒളിപ്പിച്ചുവച്ചത് എന്തിനാണ്. പക്ഷേ ഞങ്ങൾ കൊടികൾ താഴെ വയ്ക്കില്ല. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പൗരത്വ നിയമം എന്ന ഒരു വാക്ക് പോലുമില്ല. എൽഡിഎഫ് ആർഎസ്എസിനെയും ബിജെപിയെയും തോൽപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയെ ദുർബലപ്പെടുത്താൻ എൽഡിഎഫ് അനുവദിക്കില്ല. ആനി രാജയാണ് ഇനി വയനാടിന്റെ എംപി. ആനി രാജ ഒരു പോരാളിയാണ്. സ്ത്രീ മുന്നേറ്റത്തിന്റെ നേതാവാണ് ആനി രാജ. നിങ്ങൾക്കു മുഴുവൻ സമയം എംപിയെ ആണോ അതോ പകുതി സമയം എംപിയെ ആണോ വേണ്ടത്’’– വൃന്ദ കാരാട്ട് ചോദിച്ചു. ബിനോയ് വിശ്വം, ആനി രാജ, പി.കെ.ശ്രീമതി, കാസിം ഇരിക്കൂർ, സി.കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.