തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപി നിന്ന് വിയർക്കുകയാണ്: ഡി.കെ.ശിവകുമാർ
Mail This Article
നാദാപുരം∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപി നിന്നു വിയർക്കുകയാണെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. നാം ഒരുമിച്ചു നിന്നാൽ മതിയെന്നും കേന്ദ്ര ഭരണം നമ്മുടെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്നും ശിവകുമാർ പറഞ്ഞു. നാദാപുരത്ത് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലുമൊന്നിച്ചു നടത്തിയ റോഡ് ഷോയ്ക്കുശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡി.കെ.ശിവകുമാർ.
രാജ്യത്തെ ബഹുസ്വരതയും ഐക്യവും നശിച്ചു കാണാൻ ആഗ്രഹിക്കുന്നവരല്ല ഭാരതീയർ. അവർ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഐക്യവും മതേതരത്വവുമാണ്, അഴിമതിയും സ്വജനപക്ഷപാതവുമല്ല, നീതിയും രാജ്യസുരക്ഷയുമാണ്. ഇന്ത്യാ മുന്നണി ഏറെ മുന്നിലാണെന്നു വ്യക്തമാണ്. മോദിയെ തുരത്താൻ ഇന്ത്യാ മുന്നണിക്കു കഴിയുമെന്നും ശിവകുമാർ പറഞ്ഞു.
റോഡ് ഷോയ്ക്കിടയിൽ ഇരുട്ട് പരത്തി വൈദ്യുതി മുടങ്ങി
ഡി.കെ.ശിവകുമാറും ഷാഫി പറമ്പിലും ഒരുമിച്ചു നടത്തിയ റോഡ് ഷോ നാദാപുരം ടൗണിലെത്തിയതോടെ വൈദ്യുതി മുടങ്ങി. ഈ ഇരുട്ട് പരത്തൽ സ്വാഭാവികമായി സംഭവിച്ചതാകാമെന്നു വിശ്വസിക്കാനാണു തനിക്ക് ഇഷ്ടമെന്നും എന്നാൽ, ഇത്തരം ചെയ്തികൾ കൊണ്ടൊന്നും യുഡിഎഫ് മുന്നേറ്റത്തെ തകർക്കാൻ കഴിയുമെന്ന് ആരും കരുതരുതെന്നും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.
നിങ്ങൾ ഈ കാണിക്കുന്ന സ്നേഹവായ്പുകൾ പോളിങ് ബൂത്തിലേക്ക് എത്തണം. പലയിടങ്ങളിലും എത്തിച്ചേരാൻ കഴിയാത്ത പ്രശ്നമുണ്ട്. അവിടെ ഷാഫിയെന്ന സ്ഥാനാർഥി നിങ്ങൾ ഓരോരുത്തരുമാകണമെന്നും ഷാഫി പറഞ്ഞു. മാധ്യമങ്ങളുടെ സർവേ ഫലങ്ങളെയും ഷാഫി കളിയാക്കി. ഓരോരോ സർവേ ഫലങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്തുവരികയാണ്. എന്നിട്ട് എന്നോട് അഭിപ്രയാം ആരായുന്നു. ഞാൻ ഈ സർവേക്കാരെയൊന്നും കണ്ടിട്ടല്ല വടകരയിലെ ജനങ്ങളെ കണ്ടിട്ടാണ് മത്സരത്തിനെത്തിയതെന്നും ഷാഫി പറഞ്ഞു. നുണ പ്രചാരണങ്ങൾ എമ്പാടുമുണ്ട്. ആരും അതൊന്നും ഗൗനിക്കരുത്. നമുക്കു വിജയം മാത്രമാണു ലക്ഷ്യം. അത് തന്റെ വിജയമല്ല, വടകരയുടെ വിജയം ആയിരിക്കുമെന്നും ഷാഫി പറഞ്ഞു.