‘വ്യാജപ്രചാരണം, വ്യക്തിഹത്യ; സൈബറാക്രമണം ഷാഫിയുടെ അറിവോടെ’: പരാതി നൽകി ശൈലജ
Mail This Article
വടകര ∙ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ പരാതിപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണു മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണു സൈബർ ആക്രമണമെന്നു പരാതിയിൽ പറയുന്നു. യുഡിഎഫും അവരുടെ സ്ഥാനാർഥിയും വ്യക്തിഹത്യ നടത്തുന്നുവെന്നു കഴിഞ്ഞദിവസം ശൈലജ ആരോപിച്ചതിനു പിന്നാലെയാണു പരാതി നൽകിയത്.
‘‘ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. തേജോവധം നടത്താനുള്ള പ്രചാരണമാണ് യുഡിഎഫിന്റേത്. പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി വളഞ്ഞ വഴിയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമ പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു. വാട്സാപ് ഗ്രൂപ്പുകളിലും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
ലെറ്റർ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോബ് അമ്മ എന്ന് വിളിക്കണം എന്ന് എഴുതി പ്രചരിപ്പിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ പേരിലും വ്യാജ വാർത്തകൾ സൃഷ്ടിച്ചു പ്രചാരണം നടത്തുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പ്രചാരണത്തിനെതിരെ സത്വര നടപടി ഉണ്ടാകണം’’ – പരാതിയിൽ ആവശ്യപ്പെടുന്നു.