ADVERTISEMENT

കോട്ടയം∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആവർത്തിക്കുന്ന മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്ക് തലയ്ക്ക് ഭ്രാന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പി.കെ.കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചയ്ക്കു മുൻപ് ജയിലിൽ ഒരു വിവിഐപി സന്ദർശനം നടത്തിയെന്നും ആ വിവിഐപി ആരെന്നു പിന്നീട് വ്യക്തമാക്കും എന്നുമായിരുന്നു ഷാജിയുടെ പ്രതികരണം. ഇതിനു മറുപടിയായാണ് എം.വി.ഗോവിന്ദൻ മനോരമ ഓൺലൈനിനോട് സംസാരിച്ചത്. 

‘‘അവന് തലയ്ക്ക് ഭ്രാന്താണ്. തോന്ന്യാസം പറയുന്ന കൂട്ടത്തിലുള്ള ഒരാളാണ് അവൻ. ഇതൊക്കെ വെറുതെ പറയുന്നതാണ്. അവനോട് ആര് പ്രതികരിക്കാൻ പോകുന്നു? ഇനി എന്ത് അന്വേഷണം നടത്താനാണ് ? തോന്ന്യാസം പറയുന്നതിനൊക്കെ അന്വേഷണം നടത്തണോ? ഷാജി പറയുന്നത് പച്ചക്കള്ളമാണെന്ന് കുഞ്ഞനന്തന്റെ മകൾ തന്നെ പറഞ്ഞിട്ടുണ്ട്. കുഞ്ഞനന്തനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിട്ട് ഇപ്പോൾ കപട സ്നേഹം കാണിക്കുകയാണ്. കുഞ്ഞനന്തനെ ഞങ്ങൾ എല്ലാവരും ജയിലിൽ പോയി കാണാറുണ്ടായിരുന്നു. അവസാനസമയത്ത് അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. അപ്പോഴും ഞാൻ പോയി കണ്ടിരുന്നു. വിഷമവും പ്രയാസവുമൊന്നും പറയുന്ന കൂട്ടത്തിലുള്ള ഒരാളായിരുന്നില്ല കുഞ്ഞനന്തൻ. പാർട്ടിക്ക് വേണ്ടി സമർപ്പിതമായ ജീവിതമായിരുന്നു കുഞ്ഞനന്തന്റേത്. അദ്ദേഹത്തിനെ മരണാനന്തരം കളങ്കപ്പെടുത്തി പാർട്ടിക്ക് നേരെ വാർത്ത സൃഷ്ടിക്കാനാണ് ഷാജി ശ്രമം നടത്തുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഇ.ഡിയും ആദായനികുതി വകുപ്പും അന്വേഷണം നടത്തുംപോലെയാണ് ഷാജി ഈ ആരോപണവുമായി വന്നിരിക്കുന്നത്’’ – എം.വി.ഗോവിന്ദൻ പറഞ്ഞു. 

ടി.പി കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നു കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേതെന്നായിരുന്നു ഷാജി പ്രധാനമായും ഉന്നയിച്ച ആരോപണം. ഷാജിയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി കുഞ്ഞനന്തന്റെ മകൾ പി.കെ.ഷബ്ന അന്നുതന്നെ രംഗത്തെത്തിയിരുന്നു.  വിഐപിയുടെ പേര് അടക്കം ഷാജി കൂടുതൽ വെളിപ്പെടുത്തലുകൾക്ക് തയാറാകുമോ എന്നാണ് ആകാംക്ഷ.

English Summary:

MV Govindan against KM Shaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com