‘കൊള്ളയടിക്കൽ’; പ്രധാനമന്ത്രിക്കെതിരെ മലയാളം പദം ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ പരിഹാസം
Mail This Article
കോഴിക്കോട്∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. കോഴിക്കോട്∙ മോദിയുടെ ഇലക്ടറൽ ബോണ്ടിനെ ‘കൊള്ളയടിക്കൽ’ എന്ന മലയാള പദം ഉപയോഗിച്ച് രാഹുൽ പരിഹസിച്ചു. കൊടിയത്തൂരിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കവെയാണ് ഇലക്ടറൽ ബണ്ട് വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്.
മലയാളത്തിൽ ‘കൊള്ളയടിക്കൽ’ എന്ന് നമ്മൾ വിളിക്കുന്നതിനെ മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നു. ഒരു സാധാരണ മോഷ്ടാവ് നിരത്തുകളിൽ ചെയ്യുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര തലത്തിൽ ചെയ്യുന്നത്. മോദി ഈ ഭൂമിയിലെ ഏറ്റവും വലിയ അഴിമതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. കർഷക പ്രശ്നം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പറയുന്നില്ല. അതിസമ്പന്നരെ കുറിച്ച് മാത്രമാണ് പറയുന്നത്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. മാധ്യമങ്ങൾ ഇലക്ടറൽ ബോണ്ടിനെ കുറിച്ച് പറയുന്നില്ല. മിണ്ടിയാൽ സിബിഐയും ഇ.ഡിയും അവർക്ക് നേരെ വരുമെന്നും രാഹുൽഗാന്ധി പറഞ്ഞു.
‘‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമാണ് മുംബൈയിലേത്. മുംബൈ വിമാനത്താവളത്തിന്‍റെ ഉടമക്കെതിരെ വളരെ പെട്ടെന്ന് സിബിഐ അന്വേഷണം വരുന്നു. അന്വേഷണത്തിന് പിന്നാലെ സിബിഐ ഉടമയെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ ഒരു മാസത്തിനുള്ളിൽ വിമാനത്താവളം അദാനിക്ക് കൈമാറി. ഇങ്ങനെയാണ് അദാനി മുംബൈ വിമാനത്താവളം സ്വന്തമാക്കിയത്. പണം നൽകിയില്ലെങ്കിൽ മുട്ട് തല്ലിയൊടിക്കുമെന്ന് പറയുന്ന ആളുകളെ നിരത്തുകളിൽ കാണാം. ഈ ഭീഷണിപ്പെടുത്തലിന്‍റെ പരിഷ്കരിച്ച രൂപമാണ് ഇലക്ടറൽ ബോണ്ടിലൂടെ മോദിയും കൂട്ടരും ചെയ്യുന്നത്. സിബിഐ, ഇ.ഡി, ആദായി നികുതി ഉദ്യോഗസ്ഥരെ വിട്ട് അന്വേഷണം നടത്തുമെന്ന് ഭീഷണിപ്പെടുത്തും. അന്വേഷണത്തെ പേടിക്കേണ്ടെന്നും പകരം എല്ലാം അദാനിക്ക് കൊടുക്കാനും പറയും. വലിയ വ്യവസായികൾക്ക് വലിയ വീട്, വലിയ കാർ എന്നിവ വേണം. നമ്മളെ പോലെയല്ല, അഞ്ച് മിനിട്ട് പോലും അസ്വസ്ഥമായി ഇരിക്കാൻ ഇത്തരക്കാർക്ക് സാധിക്കില്ല. ചെറിയ സമ്മർദം വരുമ്പോൾ തന്നെ ഉള്ളതെല്ലാം കൊടുത്ത് രക്ഷപ്പെടാൻ അവർ ശ്രമിക്കും. അങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ കൊള്ളയടിക്കൽ പദ്ധതിയായി ഇലക്ടറൽ ബോണ്ട് മാറുന്നത്’’ – രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിൽ മെഡിക്കൽ കോളജ് വരാൻ ഇത്ര വൈകിയത് എന്താണെന്ന് മനസിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയോട് നേരിട്ട് താൻ സംസാരിച്ചതാണ്. എന്താണെന്നറിയില്ല. അവർ ഇത് താമസിപ്പിക്കുന്നു. ഇടത് സർക്കാർ ഇത് ചെയ്യുന്നില്ലെങ്കിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.