പ്രേമലുവും ഗുണ കേവും ഗഗൻയാനും അമിട്ടുകളായി വിരിയും; തൃശൂരാകാശത്ത് ഇന്ന് സാംപിൾ വെടിക്കെട്ട്
Mail This Article
തൃശൂർ∙ കരിമരുന്നു കലയിലെ പുതു പരീക്ഷണങ്ങൾ ആകാശത്തു വിരിയുന്ന തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിനൊരുങ്ങി പൂരപ്രേമികൾ. ബുധനാഴ്ച രാത്രി 7ന് ആകാശപ്പൂരത്തിനു തുടക്കമാകും. ആദ്യം പാറമേക്കാവും തുടർന്നു തിരുവമ്പാടിയും വെടിക്കെട്ടിനു തിരികൊളുത്തും. പാറമേക്കാവിനു രാത്രി 7 മുതൽ 9 വരെയും തിരുവമ്പാടിക്കു 7 മുതൽ 8.30 വരെയുമാണു സമയം അനുവദിച്ചിരിക്കുന്നത്. ആദ്യ 20 മിനിറ്റിനുള്ളിൽ ഇരുവിഭാഗത്തിന്റെയും കുട്ടപ്പൊരിച്ചിൽ നടക്കും. പിന്നെ വർണ അമിട്ടുകളുടെ ആഘോഷമാണ്.
ആകാശത്ത് കുടമാറ്റം നടത്തുന്ന ഡാൻസിങ് അംബ്രലയാണ് ഇത്തവണ തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിന്റെ താരമെന്നാണ് അധികൃതർ പറയുന്നത്. ഓലപ്പടക്കം, ഗുണ്ട്, കുഴിമിന്നൽ എന്നിവയും പ്രയോഗിക്കും. ആകാശത്ത് ഹൃദയത്തിന്റെ ആകൃതിയിൽ വിരിയുന്ന ‘പ്രേമലു’ സ്പെഷൽ അമിട്ടാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. ആകാശത്തു പൊട്ടിവിരിഞ്ഞ ശേഷം താഴേക്ക് ഊർന്നിറങ്ങുന്ന ‘ഗുണ കേവും’ സ്പെഷൽ അമിട്ടിലുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യമായ ‘ഗഗൻയാന്റെ’ പേരിലും അമിട്ടുകളുണ്ട്.
തിരുവമ്പാടിക്കും പാറമേക്കാവിനും വെടിക്കെട്ടിന് ഒരേ ലൈസൻസിയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പൂരത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു വിഭാഗങ്ങൾക്കും ഒരേ വെടിക്കെട്ടു ചുമതലക്കാരൻ. മുണ്ടത്തിക്കോടു സ്വദേശി പി.എം.സതീശിനാണു ചുമതല. ലൈസൻസി ഒന്നാണെങ്കിലും വെടിക്കെട്ടിന്റെ വ്യത്യസ്തതയും ആവേശവും കുറയില്ലെന്നു പൂരപ്രേമികൾ പറയുന്നു.
വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തു പൂർണമായി. അപ്രതീക്ഷിതമായി മഴ പെയ്താൽ വെടിക്കോപ്പുകൾ സംരക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘം മൈതാനിയിലെ വെടിക്കെട്ടു ശാലകൾ ഉൾപ്പെടെ പരിശോധിക്കും.
പൊതുജനങ്ങൾക്കു സ്വരാജ് റൗണ്ടിൽനിന്നു സാംപിൾ കാണാനുള്ള നിയന്ത്രണങ്ങളും ഗതാഗത നിരോധനവും ഇത്തവണയുമുണ്ട്. പഴക്കവും അപകടകരവുമായ കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ടു കാണുന്നതിനു വിലക്കുണ്ട്. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.