പോര് 4 സീറ്റുകളെച്ചൊല്ലി; ബിജെപി– ഷിൻഡെ വിഭാഗം തർക്കം മുറുകി
Mail This Article
മുംബൈ ∙ സംസ്ഥാനത്ത് ബിജെപിയും സഖ്യകക്ഷിയായ ശിവസേനാ ഷിൻഡെ വിഭാഗവും തമ്മിൽ 4 ലോക്സഭാ സീറ്റുകളിലുള്ള തർക്കത്തിൽ തീരുമാനമായില്ല. രത്നാഗിരി–സിന്ധുദുർഗ്, താനെ, പാൽഘർ, ഔറംഗാബാദ് മണ്ഡലങ്ങളിലാണ് ഇരുപാർട്ടികളും സീറ്റിനായി വടംവലി തുടരുന്നത്. അവിഭക്ത ശിവസേനയുടെ പരമ്പരാഗത മണ്ഡലങ്ങളായ താനെ, രത്നാഗിരി–സിന്ധുദുർഗ് എന്നിവ പിടിച്ചെടുക്കാനുള്ള ബിജെപി ശ്രമമാണ് സഖ്യത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നത്. രത്നാഗിരി–സിന്ധുദുർഗിലെ സിറ്റിങ് എംപി വിനായക് റാവുത്ത് ഉദ്ധവ് പക്ഷത്തിനൊപ്പമാണ്. അദ്ദേഹത്തിനെതിരെ ശിവസേനയിലെ ഷിൻഡെ പക്ഷം മത്സരിക്കാൻ എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയിരിക്കെ, മണ്ഡലം പിടിച്ചെടുക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളാണ് സീറ്റ് വിഭജനം കീറാമുട്ടിയാക്കിയത്.
ഇവിടെ മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. മുഖ്യമന്ത്രി ഷിൻഡെയുടെ തട്ടകമാണ് താനെ. അവിടെ ബിജെപി അവകാശവാദം ഉന്നയിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. രത്നാഗിരി–സിന്ധുദുർഗിൽ 19 ആണ് പത്രികാസമർപ്പണത്തിനുള്ള അവസാന തിയതി. ഔറംഗാബാദിൽ 25, താനെ, പാൽഘർ മണ്ഡലങ്ങളിൽ മേയ് 3. നേരത്തെ തർക്കത്തിലുണ്ടായിരുന്ന മുംബൈ സൗത്ത്, നാസിക് സീറ്റുകൾ ഷിൻഡെ പക്ഷത്തിനു വിട്ടുകൊടുക്കാൻ ബിജെപി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണു സൂചന. മറുവശത്തു മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് സീറ്റുകളിൽ കോൺഗ്രസ് ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.