കൊച്ചിയിൽ പലസ്തീൻ അനുകൂല പോസ്റ്റർ നശിപ്പിച്ചു; ഇന്ത്യ കാണാനെത്തിയ ജൂത വനിതകൾക്കെതിരെ കേസ്
Mail This Article
കൊച്ചി ∙ പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഐപിസി 153–ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്. ഫോർട്ട് കൊച്ചിയിൽ ഇവർ താമസിക്കുന്ന ഹോം സ്റ്റേയിൽ പൊലീസിന്റെ നിരീക്ഷണത്തിലാകും യുവതികൾ ഉണ്ടാവുകയെന്നും ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും എസിപി കെ.ആർ. മനോജ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ ജൂത വംശജരായ രണ്ടു സ്ത്രീകൾ കീറിയിട്ടിരിക്കുന്ന പലസ്തീൻ അനുകൂല പോസ്റ്ററുകൾക്കടുത്ത് നില്‍ക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ) പ്രവർത്തകരാണ് ഇവിടെ പോസ്റ്റർ ഉയർത്തിയത്.
എസ്ഐഒ പ്രവര്‍ത്തകർ യുവതിക്കെതിരെ പരാതി നൽകി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അർധരാത്രി കഴിഞ്ഞും പ്രവർത്തകർ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് കേസെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്കും സംഭവം വഴിവച്ചു. ടൂറിസ്റ്റ് വീസയിൽ എത്തുന്നവർ ഒരിക്കലും ഇത്തരം പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കരുതെന്ന് നിയമമുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.