‘എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെ വിടില്ല’: സൈനിക മേധാവിയെ ഭീഷണിപ്പെടുത്തി ഇമ്രാൻ
Mail This Article
ഇസ്‌ലാമാബാദ് ∙ ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ഭാര്യ ബുഷ്‌റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാൻ പറഞ്ഞു.
അഴിമതി, ഇമ്രാനുമായുള്ള നിയമവിരുദ്ധ വിവാഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു ഇസ്‌ലാമാബാദിലെ ബനി ഗാല വസതിയിൽ ബുഷ്‌റയെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. അഡിയാല ജയിലിലുള്ള ഇമ്രാൻ, മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണു സൈനിക മേധാവിക്കെതിരെ പരാമർശം നടത്തിയത്. ഇമ്രാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇക്കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
‘‘എന്റെ ഭാര്യയെ തടവിലാക്കാൻ നേരിട്ടിടപെട്ടതു ജനറൽ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാൻ ജഡ്ജിക്കുമേൽ സമ്മർദമുണ്ടായി. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ തുറന്നുകാട്ടും’’– ഇമ്രാൻ പറഞ്ഞു. തോഷാഖാന അഴിമതി കേസില്‍ ഇമ്രാനും ഭാര്യ ബുഷ്റ ബീവിക്കും കോടതി 14 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. 10 വര്‍ഷത്തേക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.