‘ജനാധിപത്യ മതേതര ശക്തികൾക്ക് കരുത്ത് പകരണം’: രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്ക സഭ
Mail This Article
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്ക സഭ. മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ് സഭയുടേത് എന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ഇന്ന് വ്യക്തമാക്കി. രാജ്യത്ത് വിഭാഗീയത ശക്തമാവുകയും അസ്വസ്ഥത വളർത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ മതേതര ശക്തികൾക്ക് കരുത്ത് പകരാൻ ഈ തിരഞ്ഞെടുപ്പിലൂടെ കഴിയണമെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ജോ. കൺവീനർ അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വ്യക്തമാക്കി.
വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തി മാസികയിൽ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും ബിജെപിയെ പിന്തുണച്ചും പ്രസിദ്ധീകരിച്ച ലേഖനത്തെ നേരത്തെ കെആർഎൽസിസി തള്ളിക്കളഞ്ഞിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സഭയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഇന്നു വൈകിട്ട് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
സമദൂരമെന്ന രാഷ്ട്രീയ നയത്തിൽ നിന്നും വ്യതിയാനം ഉണ്ടാകുന്നില്ലെങ്കിലും പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകൾ കാലാകാലങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി ഈ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കെആർഎൽസിസി വ്യക്തമാക്കി. ജാതി സെൻസസ് സംബന്ധിച്ച് കോൺഗ്രസ് ദേശീയതലത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇടതുമുന്നണി നേതൃത്വവും ഇക്കാര്യത്തിൽ അനുകൂല നിലപാട് പ്രകടനപത്രികയിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെആർഎല്‍സിസി പറഞ്ഞു.