ഉന്നത നേതാക്കൾ നേര്ക്കുനേർ: പ്രവചനാതീതം കണ്ണൂരിലെ അഭിമാന പോരാട്ടം
Mail This Article
കണ്ണൂർ ∙ സിപിഎമ്മിലെയും കോൺഗ്രസിലെയും ഉന്നതരായ രണ്ട് നേതാക്കൾ ഏറ്റുമുട്ടുന്ന മണ്ഡലമാണ് കണ്ണൂർ. കെപിസിസി അധ്യക്ഷൻ കെ.സുധാകരനും സിപിഎമ്മിലെ മുതിർന്ന നേതാവായ എം.വി.ജയരാജനുമാണ് കണ്ണൂരിൽ മത്സരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂരിൽ നടക്കുന്നത്. പൗരത്വ നിയമവും ദേശീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചാണ് എൽഡിഎഫിന്റെ പ്രചാരണം. കെ.സുധാകരൻ എംപി ഫണ്ട് കാര്യമായി ഉപയോഗിച്ചില്ല എന്നതും മുഖ്യ പ്രചാരണ വിഷയമാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എൽഡിഎഫിനൊപ്പമാണ്. അതുകൊണ്ട് ഇത്തവണ അനായാസം ലോക്സഭാ സീറ്റും പിടിക്കാമെന്നാണ് എൽഡിഎഫ് കരുതുന്നത്.
ഇത്തവണയും ജയിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സുധാകരൻ. വലിയ തോതിലുള്ള പ്രചാരണമാണ് മണ്ഡലത്തിൽ കെ.സുധാകരൻ നടത്തുന്നത്. പരമാവധി സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് പ്രചാരണം. സിപിഎമ്മിന് പാർട്ടി ഗ്രാമങ്ങളുള്ളതുപോലെ കോൺഗ്രസിനും വലിയ സ്വാധീനമുള്ള സ്ഥലങ്ങളുണ്ട്. കണ്ണൂരിലെ കുടിയേറ്റ, മലയോര മേഖലകളിൽ ശക്തമായ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സി.രഘുനാഥ് ആണ് എൻഡിഎ സ്ഥാനാർഥി. ആർഎസ്എസിന് പല മേഖലകളിലും ശക്തമായ സ്വാധീനമുണ്ട്. പരമാവധി വോട്ടുകൾ നേടി കണ്ണൂരിൽ ശക്തി തെളിയിക്കുക എന്നതാണ് ബിജെപിയുടെ പ്രാഥമിക ലക്ഷ്യം.
പ്രവചനാതീതമാണ് കണ്ണൂരിലെ മത്സര ഫലം. മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെയും യുഡിഎഫിനെയും മണ്ഡലത്തിലെ ജനം പിന്തുണച്ചിട്ടുണ്ട്. അതാത് സമയത്തെ രാഷ്ട്രീയ പശ്ചാത്തലവും സ്ഥാനാർഥികളോടുള്ള താൽപര്യവും കണ്ണൂരിൽ വോട്ടാകാറുണ്ട്. സിപിഎമ്മിനും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള മണ്ണിൽ പ്രമുഖ നേതാക്കൻമാർ ഏറ്റുമുട്ടുന്നതോടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമായി കണ്ണൂർ മാറി.