ADVERTISEMENT

ടെൽ അവീവ്∙ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകാൻ ഇസ്രയേൽ തിരിഞ്ഞെടുത്തത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അൽ ഖമനയിയുടെ ജന്മദിനം. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ ഏതു നിമിഷവും തിരിച്ചടി നൽകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മധ്യപൂർവ ദേശത്ത് ഒരിക്കൽക്കൂടി യുദ്ധഭീതി ഉയർത്തിക്കൊണ്ടാണ് ഇസ്രയേലിന്റെ തിരിച്ചടി.

ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിന്, ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത്.

വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനെതിരെ ഇസ്രയേൽ നടത്തിയത് നിയന്ത്രിതമായ ആക്രമണമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇസ്രയേൽ കൂടുതൽ ആക്രമണങ്ങൾക്കു തുനിയുമോ എന്നതു വ്യക്തമല്ല.

പുലർച്ചെ നടത്തിയ ആക്രമണം എത്രത്തോളം ഫലപ്രദമായി എന്ന് ഇസ്രയേൽ സൈന്യം വിലയിരുത്തി വരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം എത്രത്തോളം നാശനഷ്ടം വിതച്ചുവെന്നും പരിശോധിക്കുന്നുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടെഹ്‌റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

ഇന്നു നടത്തിയ ആക്രമണത്തിൽ യുഎസിന് പങ്കാളിത്തമില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം, യുഎസിനെ അറിയിച്ച ശേഷമായിരുന്നു ഇസ്രയേലിന്റെ പ്രത്യാക്രമണമെന്നും സൂചനയുണ്ട്. ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തിരിച്ചടി നൽകിയ ഇറാനെതിരെ, വീണ്ടും കനത്ത ആക്രമണം നടത്തുന്നതിനെ യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ എതിർത്തതായും റിപ്പോർട്ടുണ്ട്.

ഇസ്രയേൽ നടത്തിയ പ്രത്യാക്രമണം ഒറ്റപ്പെട്ട സംഭവമാണോയെന്നു വ്യക്തമല്ല. ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാൻ തുനിയുമോ എന്നും വ്യക്തമല്ല. യുദ്ധഭീതി വിതച്ച് വീണ്ടും രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയുടെ ഭാവി ഈ രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഇസ്രയേലിൽനിന്ന് പുറത്തുകടക്കാൻ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൗരൻമാർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary:

Israel Marks Iranian Leader's Birthday with Precision Strike, Escalates Middle East Tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com