‘വയനാട്ടിൽ മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന ഭയം മൂലം’ രാഹുലിനെ വിമർശിച്ച് നഡ്ഡ
Mail This Article
ബത്തേരി∙ രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കുമെന്ന് ഭയന്നാണോ വയനാട്ടിൽ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. രാഹുൽ ഗാന്ധി പ്രീണന രാഷ്ട്രീയത്തിന്റെ ആളാണെന്ന് കുറ്റപ്പെടുത്തിയ നഡ്ഡ വിഭജിച്ച് ഭരിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. വയനാട്ടിൽ കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘നാഷനൽ ഹെരാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യത്തിലാണ്. മറ്റ് രാജ്യത്തുനിന്നെത്തിയവർക്ക് പൗരത്വം നൽകുന്നതിന് എന്തിനാണ് രാഹുൽ ഗാന്ധി എതിരു നിൽക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന സംഘടനകളാണ്. പോപ്പുലർ ഫ്രണ്ടിനെ രാജ്യം നിരോധിച്ചതാണ്. ഇവരൊക്കെ പിന്തുണ നൽകുന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമാണ്. ഇവരൊക്കെയുമായി ഒത്തുപോകുന്നതിന് കോൺഗ്രസിനോ സിപിഎമ്മിനോ യാതൊരു ബുദ്ധിമുട്ടുമില്ല. ഡൽഹിയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സീതാറാം യച്ചൂരിയും ഡി.രാജയും ഒരുമിച്ചാണ് ഇരിക്കുന്നത്. കേരളത്തിൽ ഗുസ്തിയും ഡൽഹിയിൽ ദോസ്തിയുമാണ്. ആശയപരമായ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്. അഴിമതിക്കാരുടെ കൂട്ടമാണ് കോൺഗ്രസിനൊപ്പമുള്ളത്.’’ നഡ്ഡ പറഞ്ഞു.
മോദിയുടെ ഭരണനേട്ടങ്ങളും അദ്ദേഹം പ്രസംഗത്തിൽ വിവരിച്ചു. ‘‘മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. 2047 ന് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുക എന്നതാണ് ലക്ഷ്യം. സുരേന്ദ്രനെ ജയിപ്പിക്കുന്നതിലൂടെ നരേന്ദ്ര മോദിയെയാണ് ജയിപ്പിക്കുന്നത്. പാവപ്പെട്ടർ, വനിതകൾ, കൃഷിക്കാർ എന്നിവർക്ക് വേണ്ടി വലിയ പദ്ധതികൾ നടപ്പാക്കി. 30 കോടി ജനങ്ങൾക്ക് അവരുടെ വീടുകളിൽ കുടിവെള്ളം എത്തിച്ചു. അതിൽ 20 ലക്ഷം കേരളത്തിലാണ്. 4 കോടി പാവപ്പെട്ടവർക്ക് വീടു നൽകി. അതിൽ 2 ലക്ഷം വീടുകൾ കേരളത്തിലാണ്. ’’ നഡ്ഡ അവകാശപ്പെട്ടു.