‘രാഹുലിനെ വിമർശിക്കാൻ കാരണങ്ങളേറെ; സിഎഎ വിഷയത്തിലടക്കം കോൺഗ്രസ് മൗനം പാലിക്കുന്നത് ചോദ്യം ചെയ്യപ്പെടും’
Mail This Article
കൊടുവള്ളി (കോഴിക്കോട്)∙ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നിട്ടുപോലും പ്രകടന പത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെ വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുകയും ചെയ്യുമ്പോൾ നിയമത്തിനെതിരെ ഈ തിരഞ്ഞെടുപ്പ് വേളയിൽ പോലും ശബ്ദമുയർത്താൻ കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നില്ല.
സിഎഎക്കെതിരെ സംയുക്‌ത പ്രക്ഷോഭം നടത്താമെന്ന് തീരുമാനിച്ചപ്പോൾ കേരളത്തിൽ അതിന് തയാറാവാതിരുന്ന മുന്നണിയാണ് യുഡിഎഫ്. എപ്പോഴും കേരളത്തിന് വിരുദ്ധമായ നിലപാടാണ് യുഡിഎഫ് കൈക്കൊണ്ടത്. സിഎഎ വിഷയമടക്കം ജനങ്ങൾ ചർച്ച ചെയ്യുമ്പോൾ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന ബിജെപി സർക്കാർ രാജ്യത്തെ മതേതര സ്വഭാവം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊടുവള്ളിയിൽ സംഘടപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിൽ പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, സിപിഐ അസി സെക്രട്ടറി പി.പി. സുനീർ, സ്‌ഥാനാർഥി എളമരം കരീം, സലീം മടവൂർ, അഹമ്മദ് ദേവർ കോവിൽ എന്നിവർ സംസാരിച്ചു