ഉത്തരാഖണ്ഡിൽ 53.64 ശതമാനം പോളിങ്; പ്രതീക്ഷയോടെ മുന്നണികൾ
Mail This Article
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലേക്ക് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ രാത്രി ഏഴു മണി വരെയുള്ള കണക്കനുസരിച്ച് 53.64 ശതമാനം പോളിങ് രേഖപ്പെടുത്തി. 11,729 പോളിങ് സ്‌റ്റേഷനുകളിൽ രാവിലെ ഏഴിനാണ് വോട്ടിങ് ആരംഭിച്ചത്. നൈനിറ്റാൾ ഉദ്ദംസിങ് നഗർ (Nainital- Udhamsingh Nagar), അൽമോര (Almora), തെഹ്‌രി ഗാഹ്‌വാൾ (Tehri Garhwal), ഹരിദ്വാർ (Haridwar), പൗരി ഗാഹ്‌വാൾ (Garhwal) എന്നീ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ അൽമോര സംവരണ സീറ്റാണ്. 2019 ൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഉത്തരാഖണ്ഡിൽ 61.50 ശതമാനമായിരുന്നു പോളിങ്. 78.56 ലക്ഷം പേരാണ് വോട്ട് ചെയ്തത്. 52 സ്ഥാനാർഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്.
സംസ്ഥാനത്ത് 1,365 പ്രശ്നബാധിത ബൂത്തുകളാണെന്നും ഇതിൽ 809 എണ്ണത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും അഡീഷനൽ ചീഫ് ഇലക്‌ഷൻ ഓഫിസർ വിജയ് കുമാർ ജോഗ്ദണ്ഡെ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഘർഷ സാധ്യത മുന്നിൽകണ്ട് 40,000 പൊലീസുകാരെയും 65 കമ്പനി അർധ സൈനികവിഭാഗത്തെയും നിയോഗിച്ചിരുന്നു. ഇതുകൂടാതെ ഹോം ഗാർഡുമാരെയും പ്രാന്തീയ രക്ഷാദൾ പ്രവർത്തകരെയും പോളിങ് ബൂത്തുകളിൽ വിന്യസിച്ചിരുന്നു.
സ്ഥാനാർഥികൾ ഇവർ
2014ലും 2019ലും അഞ്ച് ലോക്സഭാ സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. ഹാട്രിക് വിജയമെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രമുഖ സ്ഥാനാർഥികളെ മത്സരത്തിനിറക്കിയത്. നിലവിലെ എംപിമാരായ അജയ് ഭട്ട്, മാല രാജ്യ ലക്ഷ്മി ഷാ, അജയ് താംത എന്നിവർ യഥാക്രമം നൈനിറ്റാൾ ഉദ്ദംസിങ് നഗർ, തെഹ്‌രി ഗാഹ്‌വാൾ, അൽമോര എന്നീ മണ്ഡലങ്ങളിൽ മത്സരിക്കുന്നു. എന്നാൽ ഹരിദ്വാറിലും പൗരി ഗാഹ്‌വാളിലും പുതിയ സ്ഥാനാർഥികളെ പരിഗണിച്ചു. രമേഷ് പൊഖ്രിയാൽ നിഷാങ്കിനു പകരം മുൻ മന്ത്രിയായ ത്രിവേന്ദ്ര സിങ് റാവത്ത് ആണ് ഹരിദ്വാറിൽ മത്സരിക്കുന്നത്. പൗരി ഗാഹ്‌വാളിൽ തിരത് സിങ് റാവത്തിനു പകരം അനിൽ ബാലുനിയാണ് വിധി തേടുന്നത്.
കോൺഗ്രസിൽ, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൻ വിരേന്ദ്ര റാവത്ത് ഹരിദ്വാറിൽ മത്സരിക്കുന്നു. പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാൽ പൗരി ഗാഹ്‌വാളിലും ജോത് സിങ് ഗുൻസോല തെഹ്‌രി ഗാഹ്‌വാളിലും പ്രകാശ് ജോഷി നൈനിറ്റാൾ ഉദ്ദംസിങ് നഗറിലും പ്രതീപ് താംത അൽമോരയിലും മത്സരിക്കുന്നു. കൂടാതെ, ബഹുജൻ സമാജ് പാർട്ടി, ഉത്തരാഖണ്ഡ് ക്രാന്തി ദൾ തുടങ്ങിയ പാർട്ടികളും സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
താരപ്രചാരകര്‍
ഒരുമാസം മുൻപുതന്നെ ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രമുഖ നേതാക്കളെല്ലാം ഉത്തരാഖണ്ഡിൽ പ്രചാരണത്തിനായി എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രചാരണത്തിനായി എത്തിയിരുന്നു.
കോൺഗ്രസിന് താരപ്രചാരകർ കുറവായിരുന്നു. ഏപ്രിൽ 13ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റാംനഗറിലും റൂർകിയിലും നടത്തിയ പ്രചാരണറാലികൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.