ADVERTISEMENT

ആലപ്പുഴ ∙ ബിജെപിക്കാർ രാഹുൽ ഗാന്ധിയെ വിളിച്ചിരുന്ന പരിഹാസപ്പേര് നരേന്ദ്ര മോദിയുടെ തോളിൽ കയ്യിട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിളിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിന്റെ പഴയ പേരു വിളിക്കാൻ ഇടവരുത്തരുതെന്നു പിണറായി വിജയൻ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പറഞ്ഞതിനു മറുപടി പറയുകയായിരുന്നു സതീശൻ.

കേരളത്തിൽ ബിജെപിയുടെ മൗത്ത്പീസാണ് പിണറായി വിജയനെന്ന് വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്ത് വെറും 19 സീറ്റിൽ മാത്രം ഗൗരവത്തോടെ മത്സരിക്കുന്ന സിപിഎമ്മാണ് മോദി ഭരണകൂടത്തെ താഴെയിറക്കുമെന്നു പറയുന്നത്. ഭരണത്തിലെത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് സിപിഎം പ്രകടനപത്രിക വരെ പുറത്തിറക്കിയെന്നും സതീശൻ പരിഹസിച്ചു.

‘‘കേരളത്തിൽ ബിജെപിയുടെ മൗത്ത്പീസായിട്ടാണ് പിണറായി വിജയന്റെ പ്രവർത്തനം. അദ്ദേഹം കഴിഞ്ഞ 35 ദിവസമായി ഒരേ ടെക്സ്റ്റാണ് പ്രസംഗിക്കുന്നത്. എഴുതിത്തയാറാക്കി കൊണ്ടിവന്ന കാര്യങ്ങൾ യോഗങ്ങളിലും പത്രസമ്മേളനങ്ങളിലും വായിക്കുകയാണ്. അതിൽ അദ്ദേഹം ഏറ്റവും കൂടുതൽ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്നത് രാഹുൽ ഗാന്ധിയാണ്. ആ പോരാട്ടത്തിന്റെ രാഷ്ട്രീയ വേദിയാണ് ഇന്ത്യ മുന്നണി. ആ മുന്നണിക്കു നേതൃത്വം നൽകുന്നത് ഇതേ രാഹുൽ ഗാന്ധിയാണ്.

ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ പേരിൽ അദ്ദേഹത്തെ 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു. അദാനിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ പാർലമെന്റിൽ അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കി. അതിനുശേഷം ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കി. ആ രാഹുൽ ഗാന്ധിയെയാണ് ദിവസേനയെന്നവണ്ണം പിണറായി വിജയൻ വിമർശിക്കുന്നത്. അദ്ദേഹം ബിജെപിയെയല്ല എതിർക്കുന്നത്. പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണ്.

സിപിഎം യഥാർഥത്തിൽ മത്സരിക്കുന്നത് കേരളത്തിലെ 15 സീറ്റിലും തമിഴ്നാട്ടിലെ രണ്ടു സീറ്റിലും ത്രിപുരയിലെയും രാജസ്ഥാനിലെയും ഓരോ സീറ്റിലുമാണ്. ഇതല്ലാതെ ഗൗരവത്തോടെ അവർ മത്സരിക്കുന്ന ഒരു മണ്ഡലം പോലുമില്ല. ആകെ 19 സീറ്റിൽ മത്സരിച്ചിട്ടാണ് ഇവർ മോദി ഭരണകൂടത്തെ താഴെയിറക്കും എന്നു പറയുന്നത്. 19 സീറ്റിൽ മത്സരിച്ച അവർ അധികാരത്തിലെത്തിയാൽ എന്തൊക്കെ ചെയ്യുമെന്ന് വിശദീകരിച്ച് പ്രകടന പത്രിക വരെ പുറത്തിറക്കി.

2014ൽ രാഷ്ട്രീയ എതിരാളികളെ ഭയങ്കരമായി അധിക്ഷേപിക്കുന്ന ഒരു ക്യാംപെയ്ൻ ബിജെപി നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയെ ആ പരിഹാസപ്പേരു വിളിച്ചത്. നരേന്ദ്ര മോദിയുടെ തോളിൽ കയ്യിട്ട് പിണറായി വിജയനും ആ പേരു വിളിക്കട്ടെ. അപ്പോൾ അദ്ദേഹം ആരാണെന്നു കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമല്ലോ.

കേരളത്തിലെ ന്യൂനപക്ഷ വോട്ടു കിട്ടാനാണല്ലോ ഈ നാടകമെല്ലാം കഴിഞ്ഞ 35 ദിവസമായി പിണറായി വിജയൻ കാണിക്കുന്നത്. കേരളത്തിലെ ആളുകൾ പ്രബുദ്ധരല്ലേ? വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള രാഷ്ട്രീയ വേദിയാണ് ഇന്ത്യാ മുന്നണി. ഇന്ത്യാ മുന്നണി മൈനസ് കോൺഗ്രസ് എന്നാൽ എന്താകും അവസ്ഥ? ഇതെല്ലാം ജനങ്ങൾക്ക് മനസ്സിലാകും.’’ – സതീശൻ പറഞ്ഞു.

English Summary:

VD Satheesan Accuses Kerala CM Pinarayi Vijayan of Mimicking BJP Rhetoric Against Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com