ക്രൈം നന്ദകുമാറിന്റെ പരാതി: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി
Mail This Article
തിരുവനന്തപുരം∙ ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, അഗ്നിശമന രക്ഷാസേന ഡിജിപി കെ. പത്മകുമാര്‍, മുന്‍ എംഎല്‍എ ശോഭന ജോർജ് എന്നിവർക്കെതിരെ മോഷണ കുറ്റമടക്കം ചുമത്തി കേസെടുത്ത് കോടതി. 2010ൽ നൽകിയ പരാതിയിൽ 14-ാം വര്‍ഷമാണ് കോടതി കേസെടുത്തത്. മേയ് 31 ന് ഹാജരാകാന്‍ നിര്‍ദേശിച്ച് പ്രതികൾക്ക് കോടതി സമന്‍സ് അയച്ചു. അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതിയാണ്.
ശോഭന ജോർജിന്റെ പരാതിയിൽ 1999 ജൂണ്‍ 30ന് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലെ പരാതിയിലാണ് നടപടി. ശോഭന ജോർജിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടെന്നും പണം നല്‍കാത്തതിനാല്‍ നന്ദകുമാർ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുമുള്ള ശോഭന ജോർജിന്റെ പരാതിയിലായിരുന്നു അന്നത്തെ അറസ്റ്റ്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
ശോഭന ജോർജ് കൈക്കൂലി വാങ്ങിയെന്ന വാർത്ത നൽകിയതിനു പ്രതികാരമായി ഇരുവരും ചേര്‍ന്ന് കേസ് എടുപ്പിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചെന്നായിരുന്നു നന്ദകുമാർ ഹർജിയിൽ ആരോപിച്ചിരുന്നത്. നന്ദകുമാറിനെതിരെ പൊലീസ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.