ബേബി ഫുഡിൽ പഞ്ചസാരയുടെ അളവ് കൂട്ടി; നെസ്‌ലേയ്ക്ക് ഇനി അന്വേഷണ കയ്പ്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും ‘നെസ്‍ലെ’ വിൽക്കുന്ന ബേബി ഫുഡിൽ (കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ) പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വിൽക്കുന്ന സമാന ഉൽപന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേർതിരിവ് വ്യക്തമാകുന്നത് എന്നായിരുന്നു റിപ്പോർട്ട്. ആഡഡ് ഷുഗർ കൂടുതലുണ്ടെന്നായിരുന്നു കണ്ടെത്തൽ. ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി ഇക്കാര്യം പരിശോധിക്കും. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (സിസിപിഎ) ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനും (എൻസിപിസിആർ) നിർദേശിച്ചതു പ്രകാരമാണിത്.
എൻജിഒ ആയ പബ്ലിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്‌ഷൻ നെറ്റ്‌വർക്കും പുറത്തുവിട്ട റിപ്പോർട്ടിലാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലുള്ളത്. യുകെയിലും ജർമനിയിലും 6 മാസം പ്രായമുള്ള കുട്ടികൾക്കായി നെസ്‍ലെ തയാറാക്കിയ ഗോതമ്പ് കൊണ്ടുള്ള സെറിലാക്കിൽ ആഡഡ് പഞ്ചസാര ഇല്ല. അതേസമയം, ഇന്ത്യയിൽ നെസ്‍ലെ വിൽപന നടത്തിയ 15 സെറിലാക് ഉൽപന്നങ്ങളിലും കാര്യമായി (ഒരു കപ്പിൽ ശരാശരി 2.7 ഗ്രാം) ആഡഡ് ഷുഗർ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇന്ത്യയിൽ വിൽപന നടത്തുന്ന സെറിലാക്കിന്റെ കവറിൽ ഇക്കാര്യം വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്.
തായ്‌ലൻഡിലും ഫിലിപ്പീൻസിലും ഇതേ രീതിയിലാണ് ആഡഡ് ഷുഗർ ചേർത്തിരിക്കുന്നത്.
ഫിലിപ്പീൻസിലെ പാക്കേജിൽ അതു വ്യക്തമാക്കിയിട്ടുമില്ലെന്ന് ആരോപണം വന്നു. എന്നാൽ, ഇന്ത്യയിൽ വിൽക്കുന്ന ഉൽപന്നങ്ങളിൽ ആഡ്ഡ് ഷുഗറിന്റെ അളവ് 5 വർഷത്തിനിടെ 30% വരെ കുറച്ചു എന്നാണ് നെസ്‍ലെ ഇന്ത്യ വിശദീകരിക്കുന്നത്.
ഇന്ത്യയിൽ പാലിക്കേണ്ട പ്രോട്ടോകോൾ പ്രകാരമാണോ നെസ്‍ലെ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്നും അവയ്ക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് എൻസിപിസിആർ നിർദേശിച്ചിരിക്കുന്നത്.
ബേബി ഫുഡിന്റെ കാര്യത്തിൽ അതോറിറ്റി തയാറാക്കിയ മാർഗരേഖയുടെ വിവരങ്ങളും കമ്മിഷൻ ചോദിച്ചു. ബേബി ഫുഡ് ഉൽപാദക കമ്പനികൾ, അവയുടെ ഉൽപന്നങ്ങൾ, റജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ ലഭ്യമാക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു.
ഓഹരി വിപണിയിൽ നെസ്‌ലേയ്ക്ക് തിരിച്ചടി
ന്യൂഡൽഹി∙ ‘ആഡഡ് ഷുഗർ’ ആരോപണത്തെത്തുടർന്ന് ഓഹരി വിപണിയിൽ നെസ്‌ലേയ്ക്ക് കനത്ത തിരിച്ചടി. 2 ദിവസം കൊണ്ട് കമ്പനിയുടെ വിപണിയിലെ ഓഹരി മൂല്യത്തിൽ കുറഞ്ഞത് 10,610 കോടി രൂപയുടെ ഇടിവുണ്ടായി എന്നാണ് കണക്കാക്കുന്നത്. ഇന്നലെ മുംബൈ സൂചികയിൽ ഓഹരിവില 1.04% ഇടിഞ്ഞു. ഓഹരിയൊന്നിന് 2,437.10 രൂപയിലായിരുന്നു ക്ലോസിങ്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വിലയിൽ മൂന്നു ശതമാനത്തിലേറെയാണ് ഇടിവുണ്ടായത്.