കൊട്ടുനിർത്തി പിരിയുന്ന വാദ്യക്കാർ, ഭഗവതിയുടെ തിടമ്പുമായി മടങ്ങുന്ന ആന; മനംനൊന്ത് പൂരപ്പറമ്പ്
Mail This Article
തൃശൂർ ∙ തീവെട്ടി വെളിച്ചത്തിലെ പാണ്ടിമേളവും രാത്രിക്കുളിരിലെ പഞ്ചവാദ്യവും പ്രകമ്പനം സൃഷ്ടിക്കുന്ന രാത്രിവെടിക്കെട്ടും കാണാൻ ഉറക്കമിളച്ചു വർഷങ്ങളായി രാത്രിപ്പൂരത്തിനെത്തുന്ന പൂരപ്രേമികൾക്കു മനസ്സിടിഞ്ഞു മടങ്ങേണ്ടിവന്ന ആദ്യ തൃശൂർ പൂരമാണു കടന്നുപോകുന്നത്. പകൽസമയത്തെ കൊടുംവെയിലും ചൂടും ഒഴിവാക്കി പൂരക്കാഴ്ചകൾ കാണാൻ രാത്രിയിൽ സകുടുംബമെത്തിയ പതിനായിരങ്ങളെ വലച്ചതു പൊലീസിന്റെ കടുംപിടിത്തവും അനാവശ്യമായ നിയന്ത്രണങ്ങളും.
തിടമ്പേറ്റിയ ആനയെ തടഞ്ഞ് പൊലീസ്
ഇന്നലെ രാത്രി 11 മണിയോടെ പാറമേക്കാവിനു മുന്നില്‍ ഏഴാനകളുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളത്തും ചോറ്റാനിക്കര നന്ദപ്പ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യവും കാണാൻ 9 മണിയോടെ തന്നെ ജനം നിറഞ്ഞിരുന്നു. മറുവശത്ത് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം കൊഴുക്കാൻ തുടങ്ങിയതോടെ ജനം അവിടേക്കു നീങ്ങി. മഠത്തിൽ നിന്നു കലാശംകൊട്ടി നടുവിലാലെത്തിയപ്പോഴാണ് എഴുന്നള്ളിപ്പ് സംഘം മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് കാണുന്നത്.
തിടമ്പേറ്റിയ ആനയെയും വാദ്യക്കാരെയും പൂരപ്രേമികളെയും അടക്കം പൊലീസ് തടഞ്ഞുവച്ചു. വെടിക്കെട്ടിനു വേണ്ടി സ്വരാജ് റൗണ്ട് അടച്ചുകഴിഞ്ഞെന്നും ഇനി കടത്തിവിടാനാകില്ലെന്നുമായിരുന്നു വാദം. മഠത്തിൽവരവ് നായ്ക്കനാലിൽ കലാശിക്കുന്നതാണു നൂറ്റാണ്ടുകളായുള്ള പതിവെന്നും അതിൽ മാറ്റംവരുത്താനാകില്ലെന്നും കമ്മിറ്റിക്കാർ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇതോടെയാണ് എഴുന്നള്ളിപ്പ് നിർത്തി പഞ്ചവാദ്യക്കാർ പിരിഞ്ഞുപോയത്. തിടമ്പുമായി ആനയും മടങ്ങിപ്പോയി. വേദനയോടെ ജനവും.
തുടക്കം പൂരം കമ്മിറ്റിക്കാരെ പൊലീസ് തടഞ്ഞു മൂലം
വെടിക്കെട്ടു കാണാൻ സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാത്തതും വെടിക്കെട്ടു തൊഴിലാളികളെ കുറയ്ക്കണമെന്നുമുള്ള പൊലീസ് നിർദേശങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയത്. പൂരം കമ്മിറ്റിക്കാരെ വെടിക്കെട്ടു നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനത്തേക്കു കടത്തിവിടില്ലെന്നും രാത്രി പൊലീസ് അറിയിച്ചിരുന്നു.
തുടർന്നു പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചിരുന്നു. വെടിക്കെട്ട് ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപുതന്നെ സ്വരാജ് റൗണ്ടിലേക്കുള്ള വിവിധ റോഡുകൾ അടച്ച്, പൊലീസ് ആളുകളെ തടഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. ഇതു സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.
ഒരാനയിൽ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്
വെടിക്കെട്ട് നടത്തിപ്പിലടക്കം പൊലീസ് അനാവശ്യമായി ഇടപെടുവെന്നാരോപിച്ച് തിരുവമ്പാടി വിഭാഗം രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവച്ചിരുന്നു. പിന്നാലെയാണു പൂരപ്പന്തലിലെ ദീപാലങ്കാരം ഓഫ് ചെയ്തു പ്രതിഷേധിച്ചത്. തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരാന മാത്രമുള്ള എഴുന്നള്ളിപ്പു മാത്രമായി നടത്തി. തുടർന്നു പൂരപ്രേമികളും പഞ്ചവാദ്യക്കാരും മടങ്ങിയിരുന്നു. വെടിക്കെട്ട് കാണാൻ പാകത്തിന് സ്വരാജ് റൗണ്ടിന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ എവിടേക്കും പ്രവേശിക്കാൻ പൂരപ്രേമികളെ പൊലീസ് അനുവദിച്ചില്ല. പകൽ സമയത്ത് പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്ര മേൽശാന്തിയെ തടഞ്ഞുവച്ചതും മഠത്തിൽവരവിന്റെ സമയത്ത് പൂരപ്രേമികളോട് കമ്മിഷണർ അങ്കിത് അശോകൻ ബഹളമുണ്ടാക്കുകയും പിടിച്ചു തള്ളുകയും ചെയ്തതും പൂരപ്രേമികളിൽ നീരസമുണ്ടാക്കിയിരുന്നു.
തർക്കം അറിയാതെ ജനം കാത്തു നിന്നു
എഴുന്നള്ളിപ്പു തടയുന്നത് അത്യപൂർവ സംഭവമായതിനാൽ ശക്തമായി പ്രതിഷേധിക്കാനായിരുന്നു തിരുവമ്പാടിയുടെ തീരുമാനം. നടുവിലാലിലെ പൂരപ്പന്തലിലെ ലൈറ്റ് അണച്ച് അവർ പ്രതിഷേധിച്ചു. പൂരച്ചടങ്ങുകൾ നിർത്തിവച്ചു. വെടിക്കെട്ടിൽ പങ്കെടുക്കേണ്ട എന്ന തരത്തിലേക്കും ചർച്ചകൾ നീങ്ങി. കലക്ടറും മന്ത്രി കെ. രാജനും നടത്തിയ ചർച്ചകൾക്കു പിന്നാലെയാണു വെടിക്കെട്ട് നടത്താമെന്നു തിരുവമ്പാടി തീരുമാനിച്ചത്. ഇതിനകം സമയം 6 മണി കഴിഞ്ഞിരുന്നു. ഇതൊന്നുമറിയാതെ ജനം സ്വരാജ് റൗണ്ടിന്റെ പല ഭാഗങ്ങളിലും നിന്നും ഇരുന്നും കിടന്നും സമയം നീക്കുകയായിരുന്നു.
പുലർച്ചെ 3 മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് വൈകുന്നതിന്റെ കാരണം പലരും അറിഞ്ഞതുമില്ല. തുടർന്നാണു നിർത്തിവച്ച പൂരം വെടിക്കെട്ട് ഇന്നു തന്നെ നടത്താൻ തീരുമാനിച്ചത്. പൊലീസുമായുള്ള തർക്കത്തെ തുടർന്നു നിർത്തിവച്ച തൃശൂർ പൂരം വെടിക്കെട്ട് 4 മണിക്കൂറിനു ശേഷം രാവിലെ ഏഴോടെ നടന്നു. പുലർച്ചെ 3ന് ആരംഭിക്കേണ്ടിയിരുന്ന പ്രധാന വെടിക്കെട്ടാണു വൈകിയത്. തുടർന്ന് ആദ്യം പാറമേക്കാവിന്റെയും പിന്നാലെ തിരുവമ്പാടിയുടെയും വെടിക്കെട്ടു നടന്നു. രാത്രി മുതൽ കാത്തുനിന്ന വൻ ജനക്കൂട്ടം വെടിക്കെട്ടിനു സാക്ഷികളായി.