തൃശൂർ പൂരം വർഗീയവൽക്കരിക്കാൻ ശ്രമം, പൊലീസ് അനധികൃതമായി ഇടപെടുന്നത് എന്തിന്?: വി.ഡി. സതീശൻ
Mail This Article
പറവൂർ/വണ്ടൂർ∙ തൃശൂർ പൂരത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമത്തിന് സർക്കാർ കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം നടത്തിപ്പിന് കോടതി ഇടപെട്ട് ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും പിന്നെ എന്തിനാണ് പൊലീസ് അനധികൃതമായി ഇടപെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തന്നെയാണ് പിണറായി വിജയനും കേരളത്തില്‍ നടപ്പാക്കുന്നത്. തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം വഷളാക്കി ബിജെപിക്ക് ഒരു ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അതിനു വേണ്ടിയാണ് സിപിഎമ്മിന്റെ തോക്ക് മുഴുവന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ തിരിച്ചുവച്ചിരിക്കുന്നത്. മോദിയെ തൃപ്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
അതേസമയം, തൃശൂർ പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ആചാരങ്ങളിലും വിശ്വാസങ്ങളിലും പൊലീസിനെ ഉപയോഗിച്ച് കടന്നു കയറാൻ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. ബോധപൂർവമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.