നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്ന് ചിത്രം സഹിതം പോസ്റ്റിട്ടു; 2 പേർ അറസ്റ്റിൽ
Mail This Article
ബെംഗളൂരു ∙ പ്രണയാഭ്യർഥന നിരസിച്ചതിന് കൊല്ലപ്പെട്ട ഹുബ്ബള്ളി ധാർവാഡ് കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമഠിന്റെ മകൾ നേഹ ഹിരേമഠും, കൊലയാളിയായ ബെളഗാവി സ്വദേശി ഫയാസും പ്രണയത്തിലായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച രണ്ടു പേർ അറസ്റ്റിൽ. ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേഹയുടെയും ഫയാസിന്റെയും ചിത്രം ഉൾപ്പെടെ പങ്കുവച്ച്, ‘നേഹ – ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോർ ലവ്’ എന്നായിരുന്നു ഇവരുടെ പോസ്റ്റ്.
നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ നേഹയുടെ പിതാവ് തള്ളിക്കളഞ്ഞിരുന്നു. നേഹയോട് ഫയാസ് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും നേഹ നിരസിച്ചതായും പിന്നാലെ നടന്നു ശല്യപ്പെടുത്തിയാൽ പൊലീസിൽ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വിശദീകരിച്ചു. നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്നാണ് ഫയാസിന്റെ മാതാവ് മുംതാസ് പ്രതികരിച്ചത്. ഇക്കാര്യം കഴിഞ്ഞ വർഷം മുതൽ തനിക്ക് അറിയാമായിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു.
സംഭവത്തിനു പിന്നിൽ ‘ലവ് ജിഹാദ്’ ആണെന്ന് ആരോപിച്ചും ഒരു വിഭാഗം രംഗത്തെത്തി. കഴിഞ്ഞ ദിവസം കത്തിയുമായി ക്യാംപസിലെത്തിയ ഫയാസ്, നേഹയെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രണയാഭ്യർഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പകയിലാണ് ഫയാസ് ആക്രമിച്ചതെന്നാണ് സൂചന. സഹപാഠികൾ ചേർന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ സംഭവം സിദ്ധരാമയ്യ സർക്കാരിനെതിരെ കർണാടക ബിജെപി രാഷ്ട്രീയ ആയുധമാക്കി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ സർക്കാർ കേസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയത് മുതൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും കുറ്റപ്പെടുത്തി. എന്നാൽ സംഭവം മുതലെടുത്ത് ഗവർണർ ഭരണം അടിച്ചേൽപിക്കാൻ ബിജെപി ശ്രമിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തിരിച്ചടിച്ചു. ക്രമസമാധാനനില തൃപ്തികരമാണ്. പ്രതിക്ക് അർഹിച്ച ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനു പിന്നിൽ വ്യക്തിപരമായ കാരണമാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ നേഹയുടെ പിതാവ് നിരഞ്ജൻ രംഗത്തെത്തി. നേഹയ്ക്കു ഫയാസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ആസൂത്രിതമായ കൊലപാതകമാണു നടന്നതെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന കുടുംബത്തിന്റെ ആത്മാഭിമാനം തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.