‘മോദിയുടെ ഭരണത്തിൽ ട്രെയിൻ യാത്ര ശിക്ഷയായി’: വിഡിയോയുമായി രാഹുൽ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ റെയിൽവേയുടെ ശോചനീയാവസ്ഥയ്ക്കു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ഭരണത്തിനു കീഴിൽ ജനത്തിന് ട്രെയിൻ യാത്ര ‘ശിക്ഷ’യായി മാറിയെന്നും റെയിൽവേയെ ശോചനീയാവസ്ഥയിലാക്കി ‘സുഹൃത്തുക്കൾക്ക്’ വിൽക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രാഹുൽ ആരോപിച്ചു.
സാധാരണക്കാരുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന റെയിൽവേയെ സംരക്ഷിക്കാൻ എൻഡിഎ സർക്കാരിനെ അധികാരത്തിൽനിന്ന് ഇറക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ട്രെയിനിൽ യാത്രക്കാർ തറയിലും ശുചിമുറിയിലുമുൾപ്പടെ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ വിഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
‘‘മോദിയുടെ ഭരണത്തിനു കീഴിൽ ട്രെയിൻ യാത്ര ശിക്ഷയായി മാറിയിരിക്കുന്നു. എല്ലാ വിഭാഗത്തിലുള്ള യാത്രക്കാരെയും മോദി സർക്കാർ വലയ്ക്കുകയാണ്. സാധാരണക്കാരുടെ ട്രെയിനുകളിൽ ജനറൽ കംപാർട്ടുമെന്റുകൾ കുറയ്ക്കുകയും ധനികർക്കു മാത്രം സഞ്ചരിക്കാവുന്ന ട്രെയിനുകൾ കൊണ്ടുവരികയും ചെയ്യുന്നു. ടിക്കറ്റുകൾ റിസർവ് ചെയ്തിട്ടുപോലും യാത്രക്കാർക്ക് നേരാംവണ്ണം ഇരിക്കാനാകുന്നില്ല. ശുചിമുറിയിലോ തറയിലോ ഇരുന്ന് യാത്ര ചെയ്യാൻ സാധാരണക്കാര്‍ നിർബന്ധിതരാവുകയാണ്’’ – രാഹുൽ അഭിപ്രായപ്പെട്ടു.