ഡിജിപിക്ക് പരാതി നൽകി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് കേസ്. മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ ഡിജിപിക്കു പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ശശി തരൂരിനു താക്കീത് നൽകിയിരുന്നു. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മിഷൻ വിലയിരുത്തി.
അതേസമയം, പരാമർശങ്ങൾ രാജീവ് ചന്ദ്രശേഖറിനെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ല എന്ന തരൂരിന്റെ വാദം തള്ളി. എന്നാൽ, തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണർത്തുന്നതാണെന്ന ബിജെപിയുടെ വാദവും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരാകരിച്ചു.