മാലദ്വീപിലും തിരഞ്ഞെടുപ്പ്; മുയിസുവിന്റെ ഭാവിയെന്താകും? ഉറ്റുനോക്കി ഇന്ത്യയും
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടക്കമായത്. ഭരണകക്ഷിയായ എൻഡിഎ തുടർ ഭരണത്തിന് ലക്ഷ്യമിടുമ്പോൾ, ബിജെപിയുടെ കുതിപ്പിന് തടയിടാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ ഇന്ത്യ മുന്നണി. ഇതിനൊപ്പം അയൽ രാജ്യത്തു നടക്കുന്ന പൊതു തിരഞ്ഞെടുപ്പും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് – മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പ്.
‘മജ്‌ലിസ്’ എന്നറിയപ്പെടുന്ന മാലദ്വീപ് പാർലമെന്റിലെ 93 അംഗങ്ങളെ അഞ്ചുവർഷ കാലാവധിയിൽ തിരഞ്ഞെടുക്കാനായി, 2.8 ലക്ഷം പേരാണ് ഞായറാഴ്ച വോട്ടു രേഖപ്പെടുത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചൈനയുമായി കൂടുതൽ അടുക്കുന്ന സമീപനം പുലർത്തുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലമെന്തായാലും പ്രസിഡന്റ് പദവിയിൽ മുയിസു തുടരും. എന്നാല്‍ പ്രസിഡന്റ് സ്വീകരിക്കുന്ന നിലപാടിനെ ജനം എപ്രകാരമാണ് കാണുന്നത് എന്നതിന്റെ പ്രതിഫലനമാകും തിരഞ്ഞെടുപ്പ് ഫലം.
∙ മാലദ്വീപ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം
കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് മുയിസു അധികാരത്തില്‍ വന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയായ പീപ്പിൾസ് നാഷനൽ കോൺഗ്രസ് 93 അംഗ സഭയിൽ ന്യൂനപക്ഷമാണ്. മുയിസുവിന്റെ മുൻഗാമിയും ഇന്ത്യാ അനുകൂല നിലപാടു സ്വീകരിക്കുന്നയാളുമായ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ് മജ്‌ലിസിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഡെമോക്രാറ്റിക് പാർട്ടിക്ക് 41 അംഗങ്ങളാണുള്ളത്.
മുയിസുവിന്റെ ഇന്ത്യാ–വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ തടസ്സമാകുന്നത് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പാണ്. ഇന്ത്യൻ സേനയെ ദ്വീപിൽനിന്ന് പൂർണമായും പിൻവലിക്കണമെന്ന മുയിസുവിന്റെ നിലപാടിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. മേഖലയിലെ ഭൗമരാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് തിരഞ്ഞെടുപ്പ് വഴിവച്ചേക്കും.
∙ ഇന്ത്യ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്
മാനുഷിക ഇടപെടലുകൾക്കായി വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യത്തോട് മടങ്ങിപ്പോകണമെന്നാണ് അധികാരത്തിൽ വന്നയുടൻ മുയിസു ആവശ്യപ്പെട്ടത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി തിരിച്ചെത്തിയ ഉടൻ ഇന്ത്യയെ വിമർശിച്ചു വീണ്ടും പ്രസ്താവനയിറക്കി. ചെറുതാണെങ്കിലും ഭയപ്പെടുത്തി നിർത്താൻ ആർക്കും അധികാരമില്ലെന്നായിരുന്നു ഇന്ത്യയുടെ പേര് പരാമർശിക്കാതെ മുയിസു പറഞ്ഞത്. എന്നാൽ ഇതിൽനിന്നെല്ലാം വിരുദ്ധമായി കഴിഞ്ഞ മാസം ‘ഇന്ത്യ ഏറ്റവുമടുത്ത സുഹൃത്തായി തുടരും’ എന്ന പരാമർശവും മുയിസു നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഒടുവിലെ കണക്കുകൾ പ്രകാരം 400.9 മില്യൻ ഡോളറാണ് ഇന്ത്യയ്ക്ക് മാലദ്വീപ് നൽകാനുള്ളത്. ദ്വീപിൽ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം മാലദ്വീപിലെ രാഷ്ട്രീയ സാഹചര്യം മാറ്റിയേക്കാം എന്നതിനാൽ കാത്തിരിക്കുകയാണ് ഇന്ത്യ. തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെന്നാണ് ദ്വീപിൽനിന്നു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
മുയിസുവിന്റെ നിലപാടിനോട് സ്വന്തം പാർട്ടിക്കുള്ളിൽതന്നെ എതിർപ്പുള്ളതായും വിവരമുണ്ട്. ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തിനു പുറമെ പൊതുജനക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പണപ്പെരുപ്പം ഉൾപ്പെടെയുള്ള ആഭ്യന്തര വിഷയങ്ങളും ഫലത്തെ സ്വാധീനിക്കുമെന്ന് മാലദ്വീപിലെ മുൻ ഇന്ത്യൻ അംബാസഡർ രാജിവ് ഭാട്യ ചൂണ്ടിക്കാട്ടി. ഞായറാഴ്ച രാത്രി വൈകി ഫലസൂചനകൾ പുറത്തുവരും.