ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കിയെന്ന് മോദി; പ്രളയകാലത്ത് എവിടെയായിരുന്നെന്ന് സിദ്ധരാമയ്യ
Mail This Article
ബെംഗളൂരു ∙ ബെംഗളൂരുവെന്ന ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനു മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രളയവും വരൾച്ചയും കൊണ്ട് കർണാടക ബുദ്ധിമുട്ടിയ സമയത്ത് പ്രധാനമന്ത്രി എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. നിക്ഷേപ വിരുദ്ധരെന്നും സംരംഭകവിരുദ്ധരെന്നും സ്വകാര്യമേഖല വിരുദ്ധരെന്നും മുദ്രകുത്തി കോൺഗ്രസ് വികസനത്തിന് എതിരാണെന്നും മോദി ആരോപിച്ചിരുന്നു.
‘‘5 ജിക്ക് ശേഷം 6 ജി കൊണ്ടുവരുമെന്ന് മോദി പറയുന്നു. അപ്പോൾ മോദിയെ നീക്കുമെന്നാണ് അവർ പറയുന്നത്. എഐ കൊണ്ടുവരുമെന്ന് പറയുന്നു, അപ്പോഴും മോദിയെ നീക്കുമെന്ന് പറയുന്നു. ചന്ദ്രയാന് ശേഷം ഗഗൻയാനിലൂടെ ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്ന് പറയുമ്പോൾ അവർ പറയുന്നു, മോദിയെ നീക്കുമെന്ന്. കോൺഗ്രസ് പുരോഗമന വിരുദ്ധരാണ്. ബിജെപിയും ജനതാ ദൾ സെക്യുലറും ഒന്നിച്ചുനിന്ന് കർണാടക ജനതയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും.
എന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിന് വേണ്ടി 24x7 ഉണ്ടായിരിക്കുമെന്നു വാക്കുനൽകുന്നു. കർണാടകയിൽ കേന്ദ്ര പദ്ധതികൾ മാത്രമാണ് നടക്കുന്നത്. കോൺഗ്രസ് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.’’– മോദി പറഞ്ഞു. 24x7 ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണെങ്കിൽ കർണാടക വെള്ളപ്പൊക്കത്തിലും വരൾച്ചയിലും ബുദ്ധിമുട്ടിയപ്പോൾ എവിടെയായിരുന്നു താങ്കളെന്നു സിദ്ധരാമയ്യ ചോദിച്ചു.