അന്നത്തെ മീനച്ചിൽ (അങ്ങ്) ഇടുക്കി വരെ; കേരളത്തിലെ ആദ്യ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം
Mail This Article
ഒരു കാലത്ത് ‘മീനച്ചിൽ’ എന്ന പേരിൽ ഒരു ലോക്സഭാ നിയോജകമണ്ഡലം ഉണ്ടായിരുന്നു എന്ന കാര്യം പ്രായമായവർക്കു പോലും ഓർമ്മ കാണുകയില്ല. മുഖ്യമായും ഇന്നത്തെ ഇടുക്കി ജില്ലയിലായിരുന്നെങ്കിലും കോട്ടയം, എറണാകുളം ജില്ലകളുടെ ഭാഗങ്ങളും ഇതിലുൾപ്പെട്ടിരുന്നു. ആദ്യ പൊതുതിരഞ്ഞെടുപ്പിൽ മാത്രമാണ് ഈ നിയോജകമണ്ഡലം നിലവിലുണ്ടായിരുന്നത്.
തിരു–കൊച്ചിയിലെ കോട്ടയം ഡിസ്ട്രിക്ടിലെ പീരുമേട്, ദേവികുളം, തൊടുപുഴ താലൂക്കുകളും മീനച്ചിൽ താലൂക്കിന്റെ ഭൂരിഭാഗവും കോട്ടയം, ചങ്ങനാശേരി, മൂവാറ്റുപുഴ താലൂക്കുകളുടെ ഭാഗങ്ങളും അടങ്ങുന്നതായിരുന്നു മീനച്ചിൽ ലോക്സഭാ നിയോജകമണ്ഡലം. കാഞ്ഞിരപ്പള്ളി, വാഴൂർ, മീനച്ചിൽ, പൂഞ്ഞാർ, രാമപുരം, കുമാരമംഗലം, തൊടുപുഴ, ദേവികുളം–പീരുമേട് (ദ്വയാംഗം) എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളാണ് ഇതിലുണ്ടായിരുന്നത്.
1951 ഡിസംബർ 19, 21, 22 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പിൽ 4 പേർ മത്സരിച്ചു. കോൺഗ്രസിലെ പി.ടി. ചാക്കോ വിജയിച്ചു. െക.പി. മാധവൻ പിള്ള (സ്വതന്ത്രൻ) രണ്ടാം സ്ഥാനത്തെത്തി. മാനുവൽ പൈകട (റിപ്പബ്ലിക്കൻ പ്രജാപാർട്ടി) ആയിരുന്നു മൂന്നാമൻ. ജോസഫ് തെള്ളി (ഐക്യമുന്നണി) വോട്ടെടുപ്പിനു മുൻപു തന്നെ പിന്മാറിയിരുന്നു.
ഒന്നാം ലോക്‌സഭയിൽ അംഗമായ പി.ടി.ചാക്കോ 1953 ജൂലൈ 9ന് രാജിവച്ചു. ഈ ഒഴിവിലേക്ക് നവംബർ 16 ന് നടന്ന നേരിട്ടുള്ള മത്സരത്തിൽ കോൺഗ്രസിലെ ജോർജ് തോമസ് കൊട്ടുകാപ്പള്ളി കമ്യൂണിസ്‌റ്റ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർത്ഥി അക്കാമ്മ വർക്കിയെ പരാജയപ്പെടുത്തി. തിരു–കൊച്ചിയിലെ ഏകവും കേരളത്തിലെ ആദ്യത്തേതുമായ ലോക്സഭാ ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.
ഉപതിരഞ്ഞെടുപ്പ് മീനച്ചിൽകാർക്ക് പുത്തരിയല്ല. മീനച്ചിൽ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. തൊടുപുഴ, മീനച്ചിൽ താലൂക്കുകൾ അടങ്ങുന്ന ‘തൊടുപുഴ–മീനച്ചിൽ’ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് ഉപതിരഞ്ഞെടുപ്പിൽ ത്രേസ്യാ കോര 1939 മേയ് 20ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആർ.വി. തോമസ് രാജിവച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. തിരുവിതാംകൂർ നിയമനിർമാണ സഭാ ചരിത്രത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ത്രേസ്യാ കോര. പാലാ ഭരണങ്ങാനം മേരിഗിരി തറപ്പേൽ പനച്ചിക്കൽ കുടുംബാംഗമായ ത്രേസ്യാ 1989 ഓഗസ്റ്റ് നാലിന് അന്തരിച്ചു.
അടുത്ത ഉപതിരഞ്ഞെടുപ്പും ആർ.വി. തോമസ് രാജിവച്ച ഒഴിവിലാണ് നടന്നത്. പിഎസ്സി അംഗമായതിനെ തുടർന്നായിരുന്നു തിരുവിതാംകൂർ–കൊച്ചി നിയമസഭയിൽ നിന്നുള്ള രാജി. മീനച്ചിൽ രണ്ടാം ദ്വയാംഗ നിയോജകമണ്ഡലത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 1950 ജനുവരിയിൽ ജോസഫ് വർക്കി തുമ്പശേരിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
തിരു–കൊച്ചി നിയമസഭയിൽ എം.സി. മാത്യു (1952), കെ.എം. ചാണ്ടി (1954), കേരള നിയമസഭയിൽ പി.എം. ജോസഫ് (1957), പി.ടി. ചാക്കോ (1960) എന്നിവരായിരുന്നു മീനച്ചിൽ നിയമസഭാ മണ്ഡലത്തിന്റെ പിന്നീടുള്ള പ്രതിനിധികൾ.