മോദിയുടേത് വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രസംഗം: കെ.സി.വേണുഗോപാല്‍
Mail This Article
കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ രാജസ്ഥാൻ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയും യുഡിഎഫ് ആലപ്പുഴ സ്ഥാനാർഥിയുമായ കെ.സി.വേണുഗോപാല്‍. രാജ്യത്ത് വർഗീയധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടുക എന്ന ലക്ഷ്യം വച്ച് മോദി കള്ളപ്രചരണം നടത്തുന്നുവെന്ന് വേണുഗോപാൽ ആരോപിച്ചു. ‘‘വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ പ്രസംഗമാണ് മോദിയുടേത്’’, വേണുഗോപാൽ പറഞ്ഞു. ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് മോദിയിൽ നിന്നുണ്ടായതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
‘‘ഇത് എന്തുതരം ഹിന്ദു സ്നേഹമാണെന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവരേക്കാൾ വിശ്വാസികളാണ് ഞങ്ങളൊക്കെ. ദൈവഭയമുള്ളവർ ഇത്ര ഹീനമായ പ്രസംഗം നടത്തില്ല. മണിപ്പുരിൽ വേദനയുണ്ടാകുമ്പോൾ യഥാർഥ വിശ്വാസികളുടെ ഹൃദയം വേദനിക്കും’’, കെപിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എം.എം.ഹസ്സനൊപ്പം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സമ്പത്ത് രാജ്യത്തെ എല്ലാവർക്കുമായി വിഭജിച്ച് നൽകണമെന്നാണ് മൻമോഹൻ സിങ് തന്റെ പ്രസംഗത്തിൽ പറഞ്ഞിട്ടുള്ളത്. ഇതിനെ വളച്ചൊടിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് കോൺഗ്രസിന്റെ പ്രകടന പത്രിക നേരിട്ടു നൽകാനായി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അദ്ദേഹത്തിന്റെ സമയം തേടിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ കോൺഗ്രസ് നേതാക്കളും പാർട്ടി നേതാക്കളും പ്രകടന പത്രികയുടെ പകർപ്പ് പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കും. വിദ്വേഷ പ്രസംഗത്തിനെതിരെ 1 ലക്ഷം പേര്‍ ഒപ്പിട്ട പരാതി തിരഞ്ഞെടുപ്പു കമ്മീഷന് കൈമാറുമെന്നും വേണുഗോപാൽ പറഞ്ഞു.
‘‘തിരഞ്ഞെടുപ്പുകൾ വരും പോകും, എന്നാൽ രാജ്യത്തെ ജനങ്ങൾ ഒന്നിച്ചു ജീവിക്കേണ്ടവരാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നതോടെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് മോദിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാലാണ് ഇത്തരം വിഭജന പ്രസംഗം നടത്തുന്നത്. ജനങ്ങൾ ഇത് മനസ്സിലാക്കും’’, അദ്ദേഹം പറഞ്ഞു.