ADVERTISEMENT

101 നിലകളുള്ള അംബരചുംബിയായ ‘തായ്‌പേയ് 101’ എന്ന കെട്ടിടത്തെ തയ്‌വാനിലെ തുടർ ഭൂചലനം എങ്ങനെ ബാധിച്ചിരിക്കാമെന്നാണു ലോകം ആദ്യം ചോദിച്ചത്. ആ സമുച്ചയത്തിന് ഒരു പോറൽ പോലുമില്ലെന്നാണ് ഉത്തരം. കൃത്യമായ കെട്ടിടനിർമാണച്ചട്ടം പാലിച്ചാണു തയ്‌വാൻ ഈ ഭൂകമ്പ പ്രതിരോധ ലോകാദ്ഭുതം കെട്ടിപ്പൊക്കിയത്. 660 ടൺ ഭാരമുള്ള ഒരു പെൻഡുലമാണ് ആ കെട്ടിടത്തെ കുലുങ്ങാതെ കാക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 

ഭൂചലനം ആരെയും കൊല്ലാറില്ല, കൊടുങ്കാറ്റ് ആരെയും ശ്വാസം മുട്ടിക്കാറുമില്ല. പക്ഷേ മനുഷ്യർ നിർമിച്ച കെട്ടിടങ്ങളും എടുപ്പുകളും മറ്റു നിർമിതികളും ഇടിഞ്ഞുവീണോ പറന്നുവന്നിടിച്ചോ ആണ് പല മരണങ്ങളും സംഭവിക്കുന്നത്. അതിനാൽ ഭൂകമ്പത്തെയും ചുഴലിക്കാറ്റിനെയും പ്രതിരോധിക്കുന്ന വിധത്തിലുള്ള നിർമിതികളാണ് ആവശ്യം, പ്രശസ്തനായ ഒരു ദുരന്തനിവാരണ ഗവേഷകന്റെ വാക്കുകളാണിത്. 

∙ സൂനാമിയുടെ 20–ാം വാർഷികം; തയ്‌വാൻ ചലനത്തിന് 25

ലോകത്തെ പിടിച്ചുകുലുക്കിയ ഏഷ്യൻ സൂനാമിയുടെ ഓർമകൾക്ക് 20 വർഷം തികയാൻ പോകുന്ന ഡിസംബർ 26–ലേക്ക് 8 മാസം കൂടി ബാക്കിനിൽക്കെ വീണ്ടും ഭൂകമ്പങ്ങൾ എത്തുകയാണോ? പരസ്പരം ഇടിക്കാൻ വീണ്ടും ഒരുങ്ങുകയാണോ ഭ്രംശരേഖകളും ഭൂഗർഭ പാളികളും? തയ്‌വാനിൽ കഴിഞ്ഞ ഒരുമാസമായി അനുഭവപ്പെടുന്ന വൻ ഭൂചലനങ്ങളും ആയിരത്തിലേറെ തുടർ ചലനങ്ങളും ഉയർത്തുന്ന ചോദ്യമിതാണ്. 1999ൽ ഉണ്ടായ ചിചി ഭൂചലനത്തിന്റെ സിൽവർ ജൂബിലി വർഷത്തിൽ വീണ്ടും ആഞ്ഞടിച്ച ചലനങ്ങളുടെ നടുവിൽനിന്ന് തയ്‌വാൻ തിരിഞ്ഞു നോക്കുകയാണ്.

ഏപ്രിൽ മൂന്നിനുണ്ടായ ഭൂചലനത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ ഹോട്ടൽ കെട്ടിടം. Photo credit: AFP
ഏപ്രിൽ മൂന്നിനുണ്ടായ ഭൂചലനത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ ഹോട്ടൽ കെട്ടിടം. Photo credit: AFP

1999ൽ ചിചി മേഖലയിലുണ്ടായ 7.7 തീവ്രതയുള്ള ചലനത്തിൽ രണ്ടായിരത്തിലേറെ പേർക്കു ജീവൻ നഷ്ടപ്പെട്ടു. അരലക്ഷത്തോളം കെട്ടിടങ്ങൾ ഉപയോഗ ശൂന്യമായി. തയ്‌വാന് അതൊരു പാഠമായിരുന്നു. ഡിസാസ്റ്റർ പ്രിവൻഷൻ ആൻഡ് പ്രൊട്ടക്‌ഷൻ ആക്ട് നടപ്പിലാക്കാനായിരുന്നു ആദ്യ തീരുമാനം. ഭൂചലനം പതിവായ രാജ്യത്തു ചലനം ഉണ്ടായാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത്, എന്നതു സംബന്ധിച്ചു ജനങ്ങൾക്കു പരിശീലനം നൽകാൻ അധികൃതർ തീരുമാനിച്ചു. കെട്ടിട നിർമാണത്തിനു പ്രത്യേക ചട്ടം (കോഡ്) കർശനമായി നടപ്പിലാക്കി. ലോകത്തിലെ ഏറ്റവും മികച്ച ഭൂകമ്പ പ്രതിരോധ സംവിധാനമാണ് ഇന്ന് തയ്‌വാനിലേത്.

പ്രതീകാത്മക ചിത്രം  (Photo - Istockphoto / Petrovich9)
പ്രതീകാത്മക ചിത്രം (Photo - Istockphoto / Petrovich9)

ഭൂകമ്പ നിരീക്ഷണത്തിനും മുന്നറിയിപ്പു നൽകാനും ഏതാണ്ട് കുറ്റമറ്റ സംവിധാനമുണ്ട്. യുഎസ് ജിയോളജിക്കൽ സർവേ എന്ന ലോകോത്തര ഭൂകമ്പ നിരീക്ഷണ സംവിധാനത്തേക്കാൾ കൃത്യമായ വിവരങ്ങൾ നൽകുന്ന ഗവേഷണ കേന്ദ്രങ്ങളാണ് ഇവിടുള്ളത്. നിരന്തരമായ ഡ്രില്ലുകളും പരിഷ്കാരങ്ങളും കാലാകാലങ്ങളിൽ നൽകിയും ജനങ്ങളെ അച്ചടക്കം പഠിപ്പിച്ചുമാണ് ഈ മുന്നേറ്റം നടത്തിയത്. ഓരോ പ്രദേശത്തെയും മണ്ണിന്റെയും ഭൂഗർഭ പാറകളുടെയും പ്രത്യേകത പരിശോധിച്ച് വിലയിരുത്തി ഓരോ മേഖലയ്ക്കും അനുയോജ്യമായ നിർമാണ വ്യവസ്ഥകളുണ്ട്. അത് ആരും ലംഘിക്കാറില്ല.

തയ്‌വാനിലെ ഭൂചലനത്തിൽ കെട്ടിടങ്ങള്‍ തകർന്നപ്പോൾ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്)
തയ്‌വാനിലെ ഭൂചലനത്തിൽ കെട്ടിടങ്ങള്‍ തകർന്നപ്പോൾ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്)

∙ ഏറ്റവും ഉയർന്ന നാലാമത്തെ ദ്വീപ്

ലോകത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ ദ്വീപ് എന്ന് ത‌യ്‌വാനെ വിശേഷിപ്പിക്കാം. കാരണം ഈ ദ്വീപുരാജ്യത്തെ യു ഷാൻ എന്ന പർവതത്തിന്റെ ഉയരം 3952 മീറ്ററാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ നമ്മുടെ ആനമുടിയുടെ ഉയരം 2695 മീറ്റർ മാത്രം. പാപ്പുവ ന്യൂ ഗിനിയിലെ പുൻക ജയയാണ് ദ്വീപുകളുടെ കൂട്ടത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിര, ഉയരം 4884 മീറ്റർ. ഹവായി ദ്വീപുകളിലും ബോർണിയോയിലും റീ യൂണിയനിലും സുമാത്ര– ജാവായിലും മറ്റുമാണ് ലോകത്തെ ഉയരം കൂടിയ ദ്വീപു പർവതങ്ങൾ. 

ഡോങ്‌ലി സ്റ്റേഷനിൽ പാളം തെറ്റിയ ട്രെയിൻ. (Photo by Handout / Taiwan Railways Administration / AFP)
ഡോങ്‌ലി സ്റ്റേഷനിൽ പാളം തെറ്റിയ ട്രെയിൻ. (Photo by Handout / Taiwan Railways Administration / AFP)

2000 ഡിസംബർ 12ന് കോട്ടയം ഈരാറ്റുപേട്ട കേന്ദ്രമായി കേരളത്തിലുണ്ടായതുൾപ്പെടെ നൂറുകണക്കിനു വലിയ ഭൂചലനങ്ങൾക്കാണു കാൽ നൂറ്റാണ്ടിനിടയിൽ ലോകം സാക്ഷിയായത്. കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും 2012 ജൂലൈയിൽ ചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ചലനം 2012 ജൂലൈ 22ന് കൊല്ലത്തിന്റെ വടക്കൻ മേഖലയിൽ ഉണ്ടായി. ഈ പരമ്പരയിൽ ഒടുവിലത്തേതാണ് ഈ ഏപ്രിൽ മൂന്നിന് തയ്‌വാനെ പിടിച്ചുകുലുക്കി റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ചലനം. ഇതിനു പിറ്റേന്നു ഹിമാചൽ പ്രദേശിലെ മണാലിയിലും 5.3 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, ജപ്പാൻ, നേപ്പാൾ, ചൈന, ഇറ്റലി, തുർക്കി–സിറിയ, മൊറോക്കോ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ കാലയളവിൽ തീവ്രത കൂടിയ ചലനങ്ങൾ അനുഭവപ്പെട്ടു.

∙ ഭൂകമ്പം ശീലമായ രാജ്യം

തലസ്ഥാനമായ തായ്‌പേയിയിൽനിന്ന് 150 കി.മീ. മാറിയുള്ള പർവതനഗരമായ ഹുവാലിൻ കേന്ദ്രീകരിച്ചാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ചലനം ഏപ്രിൽ മൂന്നിന് അനുഭവപ്പെട്ടത്. കാൽ നൂറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും തീവ്രമായ ചലനത്തിൽ 14 പേർ മരിച്ചതും 2 ഹോട്ടൽ സമുച്ചയങ്ങൾ ചരിഞ്ഞതും ഒഴിച്ചാൽ നാശനഷ്ടങ്ങളില്ല. ചലനത്തെ തുടർന്നു കെട്ടിടം തകർന്നോ നിർമാണങ്ങൾ ഇടിഞ്ഞോ അല്ല, മലകളിൽനിന്നു ഭീമൻ പാറകൾ ഉരുണ്ടു വന്നുണ്ടായ അപകടത്തിലാണു മരണങ്ങൾ സംഭവിച്ചത്.

കിഴക്കൻ തയ്‌വാനിലെ യൂലി നഗരത്തിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിൽ നടന്ന രക്ഷാപ്രവർത്തനം. ചിത്രം: എപി
കിഴക്കൻ തയ്‌വാനിലെ യൂലി നഗരത്തിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിൽ നടന്ന രക്ഷാപ്രവർത്തനം. ചിത്രം: എപി

പ്രധാന ചലനമുണ്ടായശേഷം ഒന്നോ രണ്ടോ ശക്തി കുറഞ്ഞ തുടർചലനങ്ങളുണ്ടായി ഭൂചലന ഭീതിയിൽനിന്നു മോചനം ലഭിക്കുന്നതാണു ലോകത്തെ മറ്റു രാജ്യങ്ങളിലെ അനുഭവം. എന്നാൽ ശക്തിയേറിയ തുടർ ചലനങ്ങൾ നാലാം ആഴ്ചയിലേക്കും കടക്കുന്നു എന്നതാണു തയ്‌വാനിലെ സ്ഥിതി. എന്നിട്ടും ജനങ്ങളുടെ ആത്മവിശ്വാസത്തിനു കുലുക്കം തട്ടിയിട്ടില്ല. എന്നാൽ, ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയതോടെ ജനങ്ങൾ നേരിയ ഭയത്തിലാണെന്നു തയ്‌പേയിലെ വാർത്താ ഏജൻസി റിപ്പോർട്ടുകൾ പറയുന്നു. 

യുഎസിലെ കലിഫോർണിയയിൽ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ കൂടിക്കാഴ്ചക്കെത്തിയ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‌വെനെ യുഎസ് ജനപ്രതിനിധി സഭാ  സ്പീക്കർ കെവിൻ മക്കാർത്തി സ്വീകരിച്ചപ്പോൾ. ചിത്രം – Frederic J. Brown / AFP
യുഎസിലെ കലിഫോർണിയയിൽ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ കൂടിക്കാഴ്ചക്കെത്തിയ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‌വെനെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തി സ്വീകരിച്ചപ്പോൾ. ചിത്രം – Frederic J. Brown / AFP

ഭൂചലനത്തെ ദുരന്തമായി കണ്ട് കരയുന്ന രാജ്യമല്ല ചൈനയോടു ചേർന്നു കിടക്കുന്ന ഈ ദ്വീപുരാജ്യം. മുൻകൂട്ടിയുള്ള തയാറെടുപ്പിലൂടെ ഏതു കുലുക്കത്തെയും നേരിടുന്നതാണു രീതി. രണ്ടു ഭ്രംശ രേഖകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന തയ്‌വാനിൽ ഭൂകമ്പം വരുമ്പോൾ എന്തു ചെയ്യണമെന്ന് ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, ആഴ്ചകളോളം തുടർചലനം അനുഭവപ്പെട്ടാൽ എന്തു ചെയ്യണമെന്ന് ലോകത്ത് ഒരിടത്തും ആരെയും പഠിപ്പിച്ചിട്ടില്ല. ഇതുമൂലം ജനങ്ങളുടെ കാര്യമോർത്ത് ആശങ്കയിലാണു തയ്‌വാനിലെ ആദ്യ വനിതാ പ്രസിഡന്റായ സെയിങ് വെൻ ഉൾപ്പെടെയുള്ള ഭരണനേതൃത്വം.

അടുത്ത ഭാഗം: കുലുങ്ങുന്ന ഭൂമി, കലങ്ങുന്ന രാഷ്ട്രീയം; ചൈനയെ ഞെട്ടിച്ച കുഞ്ഞു തയ്‌വാൻ, കേരളത്തേക്കാൾ ചെറുത്

English Summary:

Taiwan Shaken by Unprecedented 80 Earthquakes, Strongest Reaching 6.3 Magnitude- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com