നിർമാണം തുടങ്ങി 8 വർഷം, കാറ്റ് വീശിയപ്പോൾ തെലങ്കാനയിൽ 49 കോടി മുടക്കിയ പാലം തകർന്നു
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയി ഒരുമിനിറ്റിനുശേഷമായിരുന്നു തകർന്നുവീണതെന്ന് 600 മീറ്റർ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സർപ്പഞ്ച് സിരികോണ്ട ബക്ക റാവു ദേശീയമാധ്യമങ്ങളോടു പറഞ്ഞു. രാത്രി 9.45ഓടു കൂടി മേഖലയിൽ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു തൂണുകൾക്ക് ഇടയ്ക്കുള്ള അഞ്ച് കോൺക്രീറ്റ് ഗർഡറുകളിൽ രണ്ടെണ്ണം തകർന്നുവീണത്. ബാക്കിയുള്ള മൂന്നും അധികം വൈകാതെ താഴെ വീണേക്കുമെന്ന ഭീതിയിലാമ് പ്രദേശവാസികൾ.
മനൈർ നദിക്കു കുറുകെ ഒരു കിലോമീറ്റർ നീളമുള്ള പാലം 2016ലാണ് തെലങ്കാന നിയമസഭാ സ്പീക്കർ എസ്. മധുസുധന ചാരിയും പ്രദേശത്തെ എംഎൽഎ പുട്ട മധുവും ചേർന്ന് ഉദ്ഘാടനം ചെയ്തത്. ഈ പാലത്തിനായി 49 കോടി രൂപയോളം അനുവദിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി മൂന്നു നഗരങ്ങളായ മന്താനി, പാരക്കൽ, ജമ്മികുന്ത എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് 50 കിലോമീറ്റർ ദൂരം കുറയ്ക്കാൻ വേണ്ടിയാണ് പാലം നിർമിച്ചത്. എന്നാൽ കമ്മിഷനുകൾക്കുവേണ്ടിയും മറ്റുമുള്ള സമ്മർദ്ദം താങ്ങാനാകാതെയും ബില്ലുകൾ മാറിനൽകാത്തതിനാലും പാലം പണിയിൽനിന്ന് കരാറുകാരൻ ഒന്ന്– രണ്ടു വർഷത്തിനുള്ളിൽ പിന്മാറി.