ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കേ, കഴിഞ്ഞ തവണ നേടിയ ഒരു സീറ്റിൽനിന്ന് വലിയ വിജയമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും തുടർഭരണവും മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മന്ത്രിയും പിബി അംഗവും എംഎൽഎമാരും സ്ഥാനാർഥികളുടെ കൂട്ടത്തിലുണ്ട്. ദേശീയപാർട്ടിയെന്ന സ്ഥാനം നിലനിർത്തുന്നതിന് തിരഞ്ഞെടുപ്പ് വിജയം മുന്നണിയെ നയിക്കുന്ന സിപിഎമ്മിന് അനിവാര്യമാണ്. ജനങ്ങളുടെ അവകാശത്തിനായി പോരാടുന്ന എൽഡിഎഫിനെ ജനങ്ങൾ വിശ്വസിക്കുന്നതായും പണമോ അധികാരമോ കിട്ടിയാലും ഇടതുപക്ഷത്തുള്ളവർ ബിജെപിയുമായി കൈകോർക്കില്ലെന്ന് ജനങ്ങൾക്കറിയാമെന്നും എൽഡിഎഫ് പ്രചാരണത്തെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മനോരമ ഓൺലൈനോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ ചോദ്യാവലികളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ
തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ

∙ ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സിപിഎം. മുന്നണിയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ എങ്ങനെയാണ് കോൺഗ്രസിനെ വിമർശിക്കുന്നതിൽ മൂർച്ച കുറയാതെ നോക്കുന്നത്?

ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നയിക്കുന്ന ബിജെപിക്കെതിരായ വിശാല വേദി. ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമാണ് ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്. അത് സംഭവിക്കാതിരിക്കാൻ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റി നിർത്തണം. സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലാണ് ബിജെപിക്കെതിരായ പോരാട്ടം നടക്കുന്നത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ആ പോരാട്ടത്തിൽ കോൺഗ്രസ് ഒരു ജൂനിയർ പങ്കാളിയാണ്. എന്നാൽ, കേരളത്തിൽ എൽഡിഎഫിന് എതിരാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ്. ബിജെപി എൽഡിഎഫിനെതിെര സംസാരിക്കുന്നതുപോലെയാണ് യുഡിഎഫും സംസാരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ്, ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുന്നത് തുടരുമ്പോൾ ഇടതുപക്ഷത്തിന് അവരെ എങ്ങനെ വിമർശിക്കാതിരിക്കാൻ കഴിയും?.

തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ

∙സിപിഎം ബിജെപിയുമായി  ചില സീറ്റുകളിൽ ഒത്തുകളിക്കുന്നതായാണ് യുഡിഎഫ് ആരോപണം?

മഞ്ഞപ്പിത്തം ബാധിച്ച കണ്ണിന് എല്ലാം മഞ്ഞയാണ്. കോ-ലീ-ബിയുടെ നാളുകൾ മുതൽ തന്നെ വർഗീയ ശക്തികളുമായി ഒത്തുതീർപ്പിലെത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. അത്തരം നാണംകെട്ട വർഗീയ കൂട്ടുകെട്ടുകൾ ആസൂത്രണം ചെയ്ത നേതാക്കൾ ഒന്നിലധികം സന്ദർഭങ്ങളിൽ അത്തരമൊരു സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പൊതുതിരഞ്ഞെടുപ്പിലും ചിലയിടങ്ങളിൽ അങ്ങനെയൊരു ധാരണയുണ്ടെന്നാണ് സൂചന.

വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ

∙ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായാണ് സിപിഎം ആരോപണം. ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും സംഭവിച്ചതുപോലെയുള്ള എന്തെങ്കിലും മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ ഉണ്ടാകുമെന്ന് ആശങ്കയുണ്ടോ?

നിയമവാഴ്ചയെ മാനിക്കാതെ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമാക്കാൻ കേന്ദ്രത്തിലെ അധികാരികൾ തുനിയുമ്പോൾ എന്തും സംഭവിക്കാം.

 കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ

∙കേരളത്തിൽ പ്രധാനപോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. കേരളത്തിലെ ജനം എന്തുകൊണ്ട് എൽഡിഎഫിനെ പിന്തുണയ്ക്കണം?

രാജ്യത്തുടനീളം കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽനിന്ന് ബിജെപിയിലേക്ക് ഒഴുക്ക് തുടരുകയാണ്. ഇപ്പോഴത്തെ ബിജെപി നേതാക്കളിൽ പലരും മുൻ കോൺഗ്രസ് നേതാക്കളാണ്. എന്നാൽ, ഇടതുപക്ഷം ഒരു യഥാര്‍ഥ ബദലായി നിലകൊള്ളുന്നു. പണമോ, അധികാരമോ കാട്ടിയാലും ഇടതുപക്ഷത്തുള്ളവർ ബിജെപിയുമായി കൈകോർക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഒന്നാം യുപിഎസർക്കാരിന്റെ കാലത്ത് ഇടതുപക്ഷം കോൺഗ്രസിന് പുറത്തുനിന്ന് പിന്തുണ നൽകിയപ്പോൾ,  4 വർഷത്തിനുള്ളിൽ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ശക്തമായ ഇടപെടലുകളുണ്ടായി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവയെല്ലാം ഞങ്ങൾ ആവിഷ്‌കരിച്ച പൊതുമിനിമം പരിപാടിയുടെ കീഴിലുള്ള ഇടപെടലുകളായിരുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലായിരുന്ന രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഇത്തരം പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. ജനാധിപത്യത്തിൽ അർഥവത്തായ മാറ്റമുണ്ടാകാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് ജനത്തിനറിയാം. പാർലമെന്റിൽ യുഡിഎഫ് എംപിമാർ കേരളത്തിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാതെ മൗനം പാലിച്ചത് ജനം കണ്ടതാണ്. യുഡിഎഫ് എംപിമാർ പല സന്ദർഭങ്ങളിലും ബിജെപിക്കൊപ്പം നിന്നിട്ടുണ്ട്. കേരള വിരുദ്ധവും ജനവിരുദ്ധവുമായ നിലപാട് യുഡിഎഫ് എംപിമാർ സ്വീകരിച്ചു. അംഗബലം കുറഞ്ഞിട്ടും പാർലമെന്റിൽ ഇടതുപക്ഷം തത്വാധിഷ്ഠിത നിലപാടുകൾ സ്വീകരിച്ചു. കേരളത്തിന്റെയും ജനങ്ങളുടെയും അവകാശങ്ങൾക്കായി പോരാടി. അതിനാൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിൽ വിശ്വാസം അർപ്പിക്കുന്നു.

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഭാഗമായി എറിയാട് ചേരമാൻ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി സി.രവീന്ദ്രനാഥിനൊപ്പം വേദിയിലേക്ക് വരുന്നു. ചിത്രം: മനോരമ
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഭാഗമായി എറിയാട് ചേരമാൻ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി സി.രവീന്ദ്രനാഥിനൊപ്പം വേദിയിലേക്ക് വരുന്നു. ചിത്രം: മനോരമ

∙ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും ഇതിലൂടെ മുഴുവൻ സീറ്റിലും വിജയിക്കാൻ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്?       

കേന്ദ്രത്തിലെ ആർഎസ്എസ് നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനും അവരെ സഹായിക്കുന്നവർക്കും എതിരെയാണ് ഭരണ വിരുദ്ധത. ജനങ്ങൾ വിധി പറയുമ്പോൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ യുഡിഎഫ് നിർബന്ധിതരാകും.

പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പത്തനംതിട്ടയിൽ നടത്തിയ  സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ടി.എം.തോമസ് ഐസക്കും സദസിനെ അഭിവാദ്യം ചെയ്യുന്നു. മാത്യു ടി.തോമസ് എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, പ്രകാശ് ബാബു എന്നിവർ സമീപം. ചിത്രം:മനോരമ
പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പത്തനംതിട്ടയിൽ നടത്തിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ടി.എം.തോമസ് ഐസക്കും സദസിനെ അഭിവാദ്യം ചെയ്യുന്നു. മാത്യു ടി.തോമസ് എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, പ്രകാശ് ബാബു എന്നിവർ സമീപം. ചിത്രം:മനോരമ

 ∙ കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന സിപിഎം പ്രഖ്യാപനം പൊള്ളയായ പ്രസ്താവനയാണെന്നാണ് പ്രതിപക്ഷം പറയുന്നത്? 

സിഎഎ നിർണായകമായ ഒരു തിരഞ്ഞെടുപ്പ് വിഷയമാണ്. കേരളത്തിൽ മാത്രമല്ല, മതനിപേക്ഷതയിൽ വിശ്വസിക്കുന്ന രാജ്യത്തെ എല്ലായിടങ്ങളിലും സിഎഎ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് സിപിഎം പറഞ്ഞു, ജുഡീഷ്യറിയെ സമീപിച്ചു. ഞങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി വീണ്ടും ഞങ്ങൾ നിയമപോരാട്ടത്തിലാണ്. കോടതിയുടെ പരിശോധന പൂർത്തിയാകുമ്പോൾ ഞങ്ങൾ ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെടും.

English Summary:

CM Pinarayi Vijayan Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com