ADVERTISEMENT

സന∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ അമ്മ പ്രേമകുമാരിയെ വർഷങ്ങൾക്കുശേഷം കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിനുമൊപ്പമാണു നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.  വളരെ വൈകാരിക നിമിഷമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സാമുവൽ ജെറോം അറിയിച്ചു.

‘‘ജയിലിനകത്തേക്ക് ഫോൺ കയറ്റാൻ അനുവാദമില്ലായിരുന്നു. അകത്തുകയറിയപ്പോൾ ഒരു സ്വകാര്യ ഇടം ഞങ്ങൾക്കു ലഭിച്ചു. പിന്നാലെ നിമിഷയെ എത്തിച്ചു. വളരെ വികാരനിർഭര നിമിഷങ്ങളായിരുന്നു അത്. അമ്മയ്ക്ക് കുറച്ചുസമയം നിമിഷപ്രിയയ്‌ക്കൊപ്പം ചെലവഴിക്കാമെന്ന് അവർ അറിയിച്ചു. അതുകൊണ്ട് എംബസി ഉദ്യോഗസ്ഥരും ഞാനും പുറത്തേക്കിറങ്ങി. അവർക്ക് ഉച്ചഭക്ഷണം കൊണ്ടു വാങ്ങി അകത്തേക്കു കൊടുത്തയച്ചു. പിന്നീട് ഉദ്യോഗസ്ഥരെ തിരിച്ച് എംബസിയിൽ വിടാനായി ഞാനും അവർക്കൊപ്പമിറങ്ങി. ഇനി തിരിച്ചുചെന്ന് നിമിഷയുടെ അമ്മയുമായി താമസസ്ഥലത്തേക്കു പോകണം’’ – സാമുവൽ ജെറോം അറിയിച്ചു.  

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാൻ ജയിലിൽ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവർ മകൾക്കൊപ്പം തുടർന്നു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിന്റെ കോർ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

12 വർഷത്തിനു ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.  2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി ‌മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.

2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 

English Summary:

Premakumari meets Nimisha Priya at yemen updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com