വാടകക്കൊലപാതകവും മോഷണവും ലഹരിക്കടത്തും തൊഴിലുകൾ; യുപി പൊലീസിന്റെ മൊബൈൽ ആപ്പ് വിവാദത്തിൽ
Mail This Article
ലക്നൗ∙ വാടകക്കൊലയാളി, ലഹരിക്കടത്ത്, ചൂതാട്ടം, മോഷണം, നാടോടികർ, യാചകർ എന്നിവരെ തൊഴിലാളികളാക്കി ഉത്തർപ്രദേശ് പൊലീസിന്റെ മൊബൈൽ ആപ്പ്. യുപിസിഒപി എന്നറിയപ്പെടുന്ന ആപ്ലിക്കേഷൻ, ഉത്തർപ്രദേശിൽ താമസസൗകര്യം തേടുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വാടക കൊലയാളിയും ലഹരിക്കടത്തുകാരുമെല്ലാം കുടിയേറ്റ വെരിഫിക്കേഷൻ വിഭാഗത്തിനു കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
ഡ്രോപ്പ്ഡൗൺ മെനുവിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെയാണ് സംഭവം ഉത്തർപ്രദേശ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ‘‘അപാകത ചൂണ്ടിക്കാണിച്ചതിനു നന്ദി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നൽകുന്ന മാസ്റ്റർ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഡ്രോപ്പ്ഡൗൺ. മറ്റ് സംസ്ഥാനങ്ങളിലും ഈ പ്രശ്നമുണ്ട്. ഈ അപാകത പരിഹരിക്കാൻ ബന്ധപ്പെട്ട ഏജൻസിയെ ഞങ്ങൾ ബന്ധപ്പെടുന്നു’’–ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി. ഗൂഗിൾ പ്ലേ സ്റ്റോറിൽ 10 ലക്ഷത്തിലധികം പേരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.