പട്നയിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം; ആറു മരണം, മുപ്പതോളം പേർക്കു പരുക്ക്
Mail This Article
പട്ന ∙ പട്ന ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. മുപ്പതോളം പേർക്കു പൊള്ളലേറ്റു. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ 12 പേർ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു.
രാവിലെ 10.45നാണ് തീപിടിത്തമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാൽ ഹോട്ടലിലാണു തീപിടിത്തമുണ്ടായത്. തൊട്ടടുത്ത കെട്ടിടത്തിലെ അമൃത ഹോട്ടലിലേക്കും തീപടർന്നു. ഈ രണ്ടു ഹോട്ടലുകളിലുണ്ടായിരുന്നവരാണ് ദുരന്തത്തിനിരയായത്.
മുകൾ നിലകളിലേക്ക് തീപടരുന്നതിനിടെ നാൽപതോളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കു തീ പടരുന്നതു തടയാനും അഗ്നിരക്ഷാ സേനയ്ക്കു സാധിച്ചു. റയിൽവേ സ്റ്റേഷനു മുന്നിലെ റോഡിലെ ഗതാഗതക്കുരുക്കു കാരണം ഫയർ എൻജിനുകളും ക്രെയിനുകളും സംഭവസ്ഥലത്ത് എത്തിച്ചേരാൻ സമയമെടുത്തു.