മാസപ്പടി കേസിനെക്കാളും വലുതാണ് സ്പ്രിങ്‌ളർ ഇടപാട്; കോടതിയെ സമീപിക്കും: സ്വപ്ന സുരേഷ്
Mail This Article
തിരുവനന്തപുരം∙ യുഎസ് കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മാസപ്പടി കേസിനെക്കാളും വലുതാണ് സ്പ്രിങ്‌ളർ ഇടപാടെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യരുടെ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനികൾക്കു വിറ്റത്. അത് രാജ്യത്തിന് വളരെ ദോഷമാണ്. എല്ലാവരും മറന്ന സാഹചര്യത്തിലാണ് സ്പ്രിങ്‌ളർ ഇടപാടിൽ നിയമപോരാട്ടത്തിന് ഒരുങ്ങുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടി കേസും അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേസ് തെളിയണമെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. സ്പ്രിങ്‌ളർ കേസിൽനിന്ന് ആർക്കും ഒഴിവാകാൻ കഴിയില്ല. മുഖ്യമന്ത്രിയും മകൾ വീണാ വിജയനും അവരുടെ താൽപര്യങ്ങൾക്കായി ഉപയോഗിച്ചെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം പുറത്തുവരണം. സ്പ്രിങ്‌ളർ ഇടപാടിലെ രേഖകൾ കൈവശമുണ്ട്. അതെല്ലാം അധികൃതർക്ക് മുന്നിൽ ഹാജരാക്കും. ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്വപ്ന പറഞ്ഞു.
സ്പ്രിങ്‌ളർ ഇടപാടിൽ ഫോറിൻ എക്സ്ചേഞ്ച് ആക്ടിന്റെ ലംഘനംവരെ നടന്നിട്ടുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു. വളരെ വലിയ തട്ടിപ്പാണ് നടന്നത്. കേന്ദ്ര ഏജൻസികൾക്ക് രേഖകൾ കൈമാറും. അതിനോടൊപ്പം കോടതിയെയും സമീപിക്കും. പിണറായി വിജയൻ ഭരിക്കുമ്പോൾ സംസ്ഥാന ഏജൻസികൾ അന്വേഷിച്ചിട്ടു കാര്യമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.