സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ലാവ്‍ലിൻ കേസ് പിൻവലിക്കാമെന്ന് ജാവഡേക്കർ ജയരാജനോട് പറഞ്ഞു: നന്ദകുമാർ
Mail This Article
കൊച്ചി ∙ തൃശൂർ സീറ്റിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ലാവ്‍ലിൻ കേസടക്കമുള്ളവ പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തങ്ങൾ സഹായിക്കാമെന്നും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനോട് പറഞ്ഞെന്ന് ‘ദല്ലാൾ’ നന്ദകുമാര്‍. എന്നാൽ ഇ.പി.ജയരാജൻ ഇതിന് സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞു. ഒരു കോടി രൂപ നൽകിയാൽ പുതുച്ചേരി ലഫ്. ഗവർണറാകാമെന്നും അതിന് 20 ലക്ഷത്തിന്റെ കുറവുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞതു കൊണ്ടാണ് താൻ 10 ലക്ഷം രൂപ നൽകിയതെന്നും നന്ദകുമാർ ആരോപിച്ചു.
ഇ.പി.ജയരാജൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്നും ബിജെപിയിലേക്ക് പോകാൻ തയാറെടുത്തിരുന്നു എന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ രംഗത്തുവന്ന ജയരാജൻ, സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത് എന്ന് തിരിച്ചടിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ വിശദീകരണങ്ങളുമായി നന്ദകുമാർ രംഗത്തെത്തിയിരിക്കുന്നത്. സുധാകരൻ ബിജെപിയില്‍ പോകാനും സംസ്ഥാന ബിജെപി പ്രസിഡന്റാകാനും തീരുമാനിച്ചിരുന്നു എന്ന് നന്ദകുമാർ ആരോപിച്ചു. പ്രകാശ് ജാവഡേക്കർ കേരളത്തിന്റെ പ്രഭാരിയായിരിക്കുമ്പോഴാണ് തന്നെയും ജയരാജനേയും വന്നു കാണുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.