ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച കേസ്: മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു
Mail This Article
ന്യൂഡൽഹി∙ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഇന്ദർപാൽ സിങ് ഗാബ എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ ഹൈക്കമ്മിഷനും ഉദ്യോഗസ്ഥർക്കുമെതിരെ ഹീനമായ ആക്രമണങ്ങൾ അഴിച്ചുവിടുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ വർഷം മാർച്ചിൽ അരങ്ങേറിയതെന്ന് എൻഐഎ പ്രസ്താവനയിൽ അറിയിച്ചു. പഞ്ചാബ് പൊലീസ് ഖലിസ്ഥാൻ നേതാവായ അമൃത്പാൽ സിങ്ങിനെതിരെ എടുത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഈ ആക്രമണം അരങ്ങേറിയതെന്നും എൻഐഎ പറയുന്നു.
2023 മാർച്ച് 19നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിനിടെ അൻപതോളം പേർ ഹൈക്കമ്മിഷൻ പരിസരത്ത് അതിക്രമിച്ചു കടക്കുകയായിരുന്നു. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായി ഇന്ത്യയിൽ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെ, അതിൽ പ്രതിഷേധിച്ചാണ് ദേശീയ പതാക നീക്കിയും മറ്റും പ്രതിഷേധം അരങ്ങേറിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അക്രമികളെ അനുകൂലിക്കുന്നവർ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. ഹൈക്കമ്മിഷൻ ആസ്ഥാനമായ ഇന്ത്യാ ഹൗസിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക നശിപ്പിച്ച അക്രമികൾ ഹൈക്കമ്മിഷൻ ഓഫിസിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.