അവരുടെ അശ്രദ്ധയില്‍ തകര്‍ന്നത് ലിന്റോയുടെ ജീവിതം; ചെയ്യാന്‍ പറ്റുന്നത് ചെയ്‌തോളൂ എന്നു മറുപടി
Mail This Article
കട്ടപ്പന ∙ കാഴ്ചാ പരിമിതിക്കും സാമ്പത്തിക പ്രാരബ്ധങ്ങള്‍ക്കുമിടയില്‍ ആശ്വാസമാകുമായിരുന്ന ജോലി പോസ്റ്റല്‍ ജീവനക്കാരിയുടെ അലംഭാവം മൂലം നഷ്ടമായതിന്റെ വേദന എത്ര പറഞ്ഞിട്ടും തീരുന്നില്ല ലിന്റോയ്ക്ക്. ഏതു ചെറുപ്പക്കാരെയും പോലെ, കൃത്യമായി വേതനം കിട്ടുന്ന ഒരു ജോലിയായിരുന്നു കട്ടപ്പന വെള്ളയാംകുടിയിലെ വട്ടക്കാട്ട് ലിന്റോ തോമസിന്റെ (32) സ്വപ്നം. അങ്ങനെയൊരു അവസരം കയ്യകലത്തെത്തിയിട്ടും ലിന്റോയ്ക്ക് ആ ഇന്റർവ്യൂവിൽ പങ്കെടുക്കാനായില്ല. പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ആ സ്വപ്നം പൊലിഞ്ഞതെന്നാണ് ലിന്റോ പറയുന്നത്. ഒരു സ്കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള ഇന്റർവ്യൂ കാർഡ് തപാലിൽ ലിന്റോയ്ക്കു ലഭിച്ചത് ആ ദിവസവും കഴിഞ്ഞാണ്. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്നത് ചെയ്‌തോളൂ’ എന്നായിരുന്നു പോസ്റ്റല്‍ ജീവനക്കാരിയുടെ മറുപടിയെന്നും ലിന്റോ പറയുന്നു. ആ ജോലിയിൽ ലിന്റോയ്ക്ക് പകരം മറ്റൊരാൾ കയറുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ലിന്റോ പറയുന്നത് ഇങ്ങനെ: പുളിന്താനം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് അനധ്യാപക തസ്‍തികയിലെ നിയമനത്തിനുള്ള ഇന്റർവ്യു കാർഡ് മാർച്ച് 18 ന് പോസ്റ്റ് ഓഫിസിൽ എത്തി. 23–ാം തീയതിയായിരുന്നു ഇന്റർവ്യൂ. എന്നാൽ കാർഡ് ലഭിച്ചത് 28 ന്. അന്നുതന്നെ സ്കൂളിലെത്തി, സംഭവിച്ചത് എഴുതിക്കൊടുത്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും വിഷയം അറിയിച്ചു. തപാൽ വകുപ്പിനും കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. അന്വേഷിക്കാമെന്നു മാത്രമായിരുന്നു തപാൽ വകുപ്പിൽനിന്നു കിട്ടിയ മറുപടി’’.
തുടർന്ന് പോസ്റ്റ് ഓഫിസിന് മുന്നിലിരുന്നു സമരം ചെയ്ത ലിന്റോയെ പൊലീസ് അടക്കം ഇടപെട്ടു സമാധാനിപ്പിച്ചതോടെ സമരത്തിൽനിന്നു താൽക്കാലികമായി പിന്മാറി. എന്നാൽ പോസ്റ്റ് ഓഫിസ് ജീവനക്കാരിയുടെ അശ്രദ്ധ മൂലമാണ് ജോലി നഷ്ടമായതെന്നും തനിക്കു നീതി വേണമെന്നുമാണ് ലിന്റോയുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ അതിനു വേണ്ടി ശ്രമിക്കുമെന്നും ലിന്റോ പറഞ്ഞു. തന്റെ ഫോൺ നമ്പർ ഇല്ലാതിരുന്നതു മൂലമാണ് കത്ത് കൈമാറാൻ താമസിച്ചതെന്ന പോസ്റ്റ് മാസ്റ്ററുടെ വാദം ശരിയല്ലെന്നും ലിന്റോ പറയുന്നു.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന, ശാരീരിക പരിമിതികളുള്ള വ്യക്തിയാണ് ലിന്റോ. 40 ശതമാനത്തോളം കാഴ്ചാ പരിമിതിയുണ്ട്. കാൻസർ ബാധിച്ച് മാതാപിതാക്കൾ മരിച്ചു. മാതാപിതാക്കളുടെ ചികിത്സയ്ക്കായി വീടും സ്ഥലവും വിറ്റതോടെ സാമ്പത്തികമായി തകർന്നു. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. പത്തുലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്. ജോലി കിട്ടി ഒരു വീടു വാങ്ങണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം.