‘ആദിവാസി സമൂഹത്തിന്റെ അവകാശത്തോടുള്ള വെല്ലുവിളി’: കിറ്റ് വിതരണത്തിനെതിരെ യുഡിഎഫ്
Mail This Article
കല്‍പറ്റ∙ ബിജെപിയുടെ കിറ്റ് വിതരണം ആദിവാസി സമൂഹത്തിന് നീതിപൂര്‍വമായി വോട്ടു ചെയ്യാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് നേതാക്കള്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജനാധിപത്യത്തെ അപമാനിക്കാനുള്ള ബിജെപിയുടെ നീക്കം ഹീനമായ നടപടിയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയും കേരളത്തില്‍ ഇതുവരെ വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്ത സംഭവമുണ്ടായിട്ടില്ല.
ഒരു വിശ്വാസിയുടെ നേര്‍ച്ചയാണെന്നാണ് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രതികരണം. അതിനര്‍ഥം ഇത്തരമൊരു സംഭവം നടന്നുവെന്ന് സമ്മതിക്കലാണ്. ജില്ലയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ ഭക്ഷ്യകിറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ല മുഴുവന്‍ നേര്‍ച്ച നടത്താന്‍ ആരാണ് നേതൃത്വം കൊടുത്തതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണം. നിരോധിത പുകയില ഉൽപന്നങ്ങളും മദ്യവുമെല്ലാം കിറ്റിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.
അതീവ ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ഇതില്‍ നടന്നിട്ടുള്ളത്. ഇന്നലെ തൊണ്ടിമുതലടക്കം പൊലീസില്‍ ഏല്‍പ്പിച്ചിട്ടും സമയബന്ധിതമായി കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. കുറ്റക്കാരന്‍ സുരേന്ദ്രനും പൊലീസിനെ നിയന്ത്രിക്കുന്നത് പിണറായി വിജയനും ആയതുകൊണ്ടാണ് ഈ കാലതാമസം. ബത്തേരി തിരഞ്ഞെടുപ്പ് കോഴ കേസിലും കൊടകര കുഴല്‍പ്പണ കേസുമെല്ലാം പോലെ തന്നെ ഇതും കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്.