ADVERTISEMENT

തൃപ്പൂണിത്തുറ ∙ ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടൻ ശ്രീനിവാസൻ. ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധിയാണെന്നും താരം അഭിപ്രായപ്പെട്ടു. ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് താൽപര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണ്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ, ഈ വോട്ടു ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്.
ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാൻ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോൾ, ദുബായിൽനിന്നു ലീവിനു വന്ന ഒരാൾ ചോദിച്ചു; എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാൻ പറഞ്ഞു, ദുബായിൽനിന്നു വന്ന ഒരാൾ ഇങ്ങനെ ചോദിക്കരുത്. ദുബായിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപം സ്നേഹം വേണം.’’ – ശ്രീനിവാസൻ പറഞ്ഞു.

English Summary:

Actor Srinivasan Controversially Critiques Democracy Post-Vote in Tripunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com