‘കാട്ടിലായിരുന്നു ഷൂട്ടിങ്, പേരു ചേർക്കാനായില്ല; വോട്ട് ചെയ്യാത്തതിൽ വിഷമം’; മനസ്സു തുറന്ന് മമിത
Mail This Article
കോട്ടയം∙ വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനും വോട്ടിങ് സാക്ഷരത വർധിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായ കോട്ടയം മണ്ഡലത്തിലെ ഐക്കണുകളിൽ നടി മമിതാ ബൈജുവിന് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് വോട്ട് നഷ്ടമായിരുന്നു. സിനിമാ ജീവിതത്തിലെ തിരക്കുകൾ വർധിച്ചതോടെയാണു വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്ന് മമിത പറയുന്നു. കൊച്ചിയിലെ തിരക്കുപിടിച്ചുള്ള ഷൂട്ടിങ്ങിനിടയിലും മമിത മലയാള മനോരമയ്ക്കായി മനസ്സുതുറക്കുന്നു.
∙സ്വീപ് യൂത്ത് ഐക്കൺ എന്ന നിലയിൽ, കന്നി വോട്ടർമാരോട് എന്താണ് പറയാനുള്ളത്.
വോട്ട് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് കഴിവതും പാഴാക്കാതിരിക്കുക. കന്നിവോട്ടർമാർ വോട്ട് കൃത്യമായി രേഖപ്പെടുത്തണം. എല്ലാവരും വോട്ടവകാശം പരമാവധി വിനിയോഗിക്കണം. പോളിങ്ങും കൂടുതൽ വേണമെന്നാണ് അഭിപ്രായം.
∙എന്തുകൊണ്ടാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാതിരുന്നത്?
ഞാൻ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങിന്റെ ഭാഗമായി തമിഴ്നാട്ടിലായിരുന്നു. പരിമിതമായ സമയക്രമം ആയിരുന്നതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. തമിഴ്നാട്ടിലെ ഉൾവനം ആയിരുന്നു ലൊക്കേഷൻ. ഈസ്റ്റർ കാലത്തുപോലും വീട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. രണ്ടു മാസക്കാലമാണ് ഈ കാലയളവിൽ വീട്ടിൽ നിന്നും മാറിനിൽക്കേണ്ടതായി വന്നത്. വോട്ടർ പട്ടികയിൽ അന്തിമമായി പേര് ചേർക്കേണ്ട സമയം അതായിരുന്നു. അതുകൊണ്ടു മാത്രമാണ് അവസാന പട്ടികയിൽ എന്റെ പേരില്ലാതെ പോയത്.
∙ വോട്ടില്ല എന്ന വിവരം എങ്ങനെയാണ് അറിഞ്ഞത്?
വോട്ടില്ലെന്ന് പപ്പ എന്നോട് നേരത്തേതന്നെ പറഞ്ഞിരുന്നു. മാർച്ച് 25 നു മുൻപായി പേര് റജിസ്റ്റർ ചെയ്യണമായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ എനിക്കതിനു സാധിച്ചില്ല.
∙ യൂത്ത് ഐക്കൺ ആയി തിരഞ്ഞെടുത്തപ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അധികൃതർ അന്വേഷിച്ചിരുന്നോ?
പട്ടികയിൽ പേര് ചേർക്കുന്ന കാര്യം പല ഉദ്യോഗസ്ഥരും എന്നെ വിളിച്ച് ഓർമിപ്പിച്ചിരുന്നു. അനുവദിച്ചിരുന്ന സമയത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വോട്ട് ഉറപ്പാക്കാം എന്നാണ് കരുതിയിരുന്നത്. പക്ഷേ ഷൂട്ടിങ് തിരക്ക് കാരണം ഒന്നും നടന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് അധികൃതർ നിരന്തരം സംസാരിച്ചിരുന്നു. ഞാൻ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നതിനാൽ അവർ പപ്പയുമായി കാര്യങ്ങൾ സംസാരിച്ചു.
∙ സ്വീപ് യൂത്ത് ഐക്കൺ എന്ന നിലയ്ക്ക് വോട്ട് ചെയ്യാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ എന്താണ് തോന്നിയത്?
ഇതെന്റെ കന്നി വോട്ടായിരുന്നു. ഞാൻ ഏറെ ആഗ്രഹിച്ചിരുന്നതാണത്. വോട്ട് ചെയ്യാൻ കഴിയില്ല എന്നായപ്പോൾ വല്ലാതെ വിഷമം തോന്നി. കാരണം എന്റെ ഒരു വോട്ടല്ലേ നഷ്ടപ്പെടുന്നത്.
∙ മമിതയുടെ രാഷ്ട്രീയ കാഴ്ചപ്പാട്?
എന്റേതായ രീതിയിൽ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്ന ആളാണ് ഞാൻ. രാഷ്ട്രീയത്തിൽ തൽപരയാണ്.
∙ ബാല്യകാലത്തെ തിരഞ്ഞെടുപ്പ് ഓർമകൾ?
കുഞ്ഞിലേ പപ്പയും മമ്മിയും വോട്ട് ചെയ്യാൻ പോയിട്ടു വരുമ്പോൾ അവരുടെ കൈകളിൽ വരച്ച നീല മഷി കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു.
∙ ക്യാംപസ് രാഷ്ട്രീയത്തിൽ സജീവം ആയിരുന്നോ?
കോളജ് കാലഘട്ടത്തിലാണ് ഇലക്ടറൽ രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിച്ചത്. ക്യാംപസിൽനിന്ന് ലഭിച്ച അനുഭവങ്ങൾ വളരെ വലുതാണ്.
∙ വോട്ട് ഇല്ല എന്ന വാർത്ത കണ്ട ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടോ?
പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാൻ എറണാകുളത്ത് ആയിരുന്നു അതിനാൽ ഫോൺ എടുക്കാൻ കഴിഞ്ഞിരുന്നില്ല. പലരും വിളിച്ചിരുന്നു പിന്നീട് അവർ പപ്പയുമായി സംസാരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
∙ പുതിയ സിനിമ വിശേഷങ്ങൾ?
നിലവിൽ ഞാനൊരു തമിഴ് ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ ചിത്രത്തിൽ മാത്രമാണ് അഭിനയിക്കുന്നത്. മറ്റു പല പ്രൊജക്ടുകളിലേക്ക് ചർച്ചകൾ നടക്കുന്നുണ്ട്, തീരുമാനം ആയിട്ടില്ല. പ്രേമലുവിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഉണ്ടാകും. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ.