കൊടും ചൂടിലും പലയിടത്തും നീണ്ട നിര; വോട്ടിങ് യന്ത്രത്തകരാറും തിരിച്ചടിച്ചു
Mail This Article
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രാത്രി വൈകിയും വോട്ട് ചെയ്യാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. കാത്തുനിന്ന് മടുത്തു പലരും മടങ്ങിപ്പോയി. വോട്ടിങ് യന്ത്രത്തകരാറും വോട്ടിങ്ങിന്റെ കാലതാമസവും ചൂടുമാണ് വോട്ടെടുപ്പ് വൈകാന്‍ കാരണമായത്.
എറണാകുളത്തും ചാലക്കുടിയിലും വോട്ടിങ് ശതമാനത്തിൽ ഇടിവ്
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ ഇടിവുണ്ട്. വോട്ട് ചെയ്യാൻ ഇപ്പോഴും പലയിടത്തും നീണ്ട ക്യൂ ദൃശ്യമാകുന്ന സാഹചര്യത്തിൽ പോളിങ് ശതമാനം കൂടിയേക്കുമെന്ന് പ്രതീക്ഷയുണ്ട്. ചാലക്കുടിയിൽ ട്വന്റി 20 അത്ഭുതം കാണിക്കുമോ? ചാലക്കുടി മണ്ഡലത്തിൽ ഉള്‍പ്പെടുന്ന കുന്നത്തുനാട്ടിൽ 76.53 ശതമാനം വോട്ടാണ് വൈകിട്ട് ആറു മണി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. ട്വന്റി 20ക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് ഇത്. കഴിഞ്ഞ തവണ ചാലക്കുടിയിൽ 80.51 ആയിരുന്നു വോട്ടിങ് ശതമാനം. ആറു മണിക്കുള്ള കണക്ക് വരുമ്പോൾ നിലവിൽ 69.75 ശതമാനം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വോട്ടിങ് മെഷീനുകൾ പണി മുടക്കിയത് തുടക്കത്തിൽ വോട്ടിങ് പലയിടത്തും തടസ്സപ്പെട്ടിരുന്നു. എന്നാൽ പിന്നീട് വോട്ടിങ് ആരംഭിച്ചെങ്കിലും വോട്ടിങ് മെഷീന്‍ കൂടുതൽ സമയമെടുക്കുന്നു എന്ന പരാതി പലയിടത്തും ഉയർന്നിരുന്നു. ഏഴു സെക്കന്റിനു പകരം 20 സെക്കന്റ് വരെ ബീപ് ശബ്ദം കേൾക്കാൻ മാത്രം സമയമെടുക്കുന്നു എന്ന പരാതിയാണ് ഉയർന്നത്. ഇത് വോട്ടെടുപ്പ് വൈകിപ്പിക്കാൻ കാരണമാവുന്നു എന്നായിരുന്നു വരി നിൽക്കുന്നവരുടെ അഭിപ്രായം.
വടക്കൻ കേരളത്തെയും തെക്കൻ കേരളത്തേയും സംബന്ധിച്ച് കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുന്നത്. പോളിങ് സമയം അവസാനിച്ചതിനു ശേഷവും വോട്ടർമാരുടെ നിര ദൃശ്യമാണ്. ഒന്നര മണിക്കൂർ കൂടിയെങ്കിലും വോട്ടെടുപ്പ് തുടരേണ്ടി വരുമെന്നാണ് ഈ മണ്ഡലങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. അതിരാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര രണ്ടു മണ്ഡലങ്ങളിലും ദൃശ്യമായിരുന്നു. എന്നാൽ അതിരാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നെങ്കില്‍ ഉച്ചയോടെ തിരക്ക് കുറഞ്ഞു. മൂന്നു മണിയോടെ വീണ്ടും തിരക്ക് കൂടുന്നതായിരുന്നു പൊതുവെ അനുഭവപ്പെട്ടത്. ചൂട് ഒന്നടങ്ങിയതിനു ശേഷം വോട്ടു ചെയ്യാൻ കൂട്ടത്തോടെ ആളുകൾ എത്തിയതാണ് ഈ രണ്ടു മണ്ഡലങ്ങളിലും ദൃശ്യമായത്.
എറണാകുളം മണ്ഡലത്തില്‍ പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്മയുടെ വോട്ട് മറ്റാരോ ചെയ്ത സംഭവവും ഇതിനിടെ ഉണ്ടായി. ചലച്ചിത്രതാരം മമ്മൂട്ടി ഉൾപ്പെടെ ഒട്ടേറെ സെലിബ്രിറ്റികൾ വോട്ടു ചെയ്ത മണ്ഡലം കൂടിയാണ് എറണാകുളം.
ട്വന്റി 20യുടെ ആസ്ഥാനമായ കിഴക്കമ്പലത്ത് സിപിഎമ്മും ട്വന്റി 20 പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടിയതാണ് വോട്ടിങ് അവസാനിക്കുന്ന സമയത്തോടടുത്ത് ഉണ്ടായ സംഭവങ്ങളിലൊന്ന്. കിഴക്കമ്പലത്തെ മലയിടംതുരുത്തിലുള്ള ട്വന്റി 20യുടെ പോളിങ് ബൂത്തിലേക്ക് കയറി വന്ന് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് പരാതി.
വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ മികച്ച പോളിങ്
വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ മികച്ച പോളിങ്. പല ബൂത്തുകളിലും മണിക്കൂറുകൾ ക്യൂ നിന്നാണ് ആളുകൾ വോട്ട് ചെയ്തത്. ചിലയിടങ്ങളിൽ വോട്ടു ചെയ്യുന്നതിന് മൂന്നു മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നു. ചെറിയ വാക്കുതർക്കങ്ങൾ ഒഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും മൂന്നു മണ്ഡലങ്ങളിലുമുണ്ടായില്ല. രാവിലെ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മൂന്നു മണ്ഡലങ്ങളിലുമായി പതിനഞ്ചോളം ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായി. ഒരു മണിക്കൂറിനുള്ളിൽ തകരാറുകൾ പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നു. വെള്ളിയാഴ്ച പള്ളിയിൽ പോകേണ്ടതിനാൽ രാവിലെ നല്ല തിരക്കനുഭവപ്പെട്ടു. ചില പള്ളികളിൽ നിസ്കാര സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു.
എടക്കാട് യൂണിയൻ സ്കൂളിൽ ബൂത്ത് 17 ൽ വോട്ട്ചെയ്ത ശേഷം തന്റെ വോട്ട് മറ്റു ചിഹ്നത്തിലാണ് രേഖപ്പെടുത്തിയതെന്ന് പരാതി ഉയർന്നു. ടെസ്‌റ്റ്‌വോട്ടിൽ പരാതി വ്യാജമെന്ന് കണ്ടെത്തിയതോടെ വോട്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂർവം തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയതിനാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ ബൂത്ത് 83–ൽ ഹയറുന്നീസ ചെയ്ത വോട്ട് താമരയ്ക്ക് പോയതായും പരാതി ഉയർന്നു.
കുറ്റിച്ചിറയിൽ ബൂത്തിന് സമീപം സ്ലിപ് വിതരണ കൗണ്ടറിൽ ഇരുന്നിരുന്ന സിപിഎം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എൻജിനീയർ കുഞ്ഞിത്താൻ മാളിയേക്കൽ കെ.എം.അനീസ് അഹമ്മദ് (71) ആണ് മരിച്ചത്.
മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന മലയോര മേഖലയിലെ പോളിങ് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. കേന്ദ്ര സേനയെ ഉൾപ്പെടെ വിന്യസിച്ചിരുന്നു. മലയോര മേഖലയിൽ ആദിവാസികൾ ഉൾപ്പെടെ രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. വയനാട്ടിലാണ് പോളിങ് കൂടുതൽ രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്തും ആറ്റിങ്ങലും നീണ്ട നിര
തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങളായ തിരുവനന്തപുരത്തും ആറ്റിങ്ങലും വോട്ട് ചെയ്യാൻ ജനങ്ങളുടെ നീണ്ട നിര. സംസ്ഥാന തലത്തിൽ രാവിലെ മുതൽ ഉച്ചവരെ പോളിങിൽ മുന്നിട്ട് നിന്നത് ആറ്റിങ്ങലാണ്. ബൂത്തുകളിൽ നീണ്ട നിര മിക്കയിടങ്ങളിലും ദൃശ്യമായിരുന്നു. ആറ്റിങ്ങൽ അയിലം യുപിഎസിൽ വോട്ടിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് രണ്ട് ബൂത്തുകളിൽ തർക്കം ഉണ്ടായി. പൊലീസ് ഇടപെട്ട് തർക്കം പരിഹരിച്ചു. ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ചിലയിടങ്ങളിൽ പ്രശ്നമുണ്ടാക്കുന്നതായി മുന്നണികൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് ഇത്തരം പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നടപടികൾ സ്വീകരിക്കുന്നതായി കമ്മിഷൻ അധികൃതർ വ്യക്തമാക്കി.
വിഴിഞ്ഞത്ത് തെന്നൂർക്കോണം സിവി സ്മാര ഗ്രന്ഥശാല, പാച്ചലൂർ ഗവ. എൽപിഎസ്, കോവളം എന്നിവിടങ്ങളിൽ മെഷീൻ തകരാറിലായി 20 മിനിറ്റോളം പോളിങ് തടസ്സപ്പെട്ടു. നെയ്യാറ്റിൻകര മേഖലയിൽ രണ്ടുമൂന്ന് ഇടങ്ങളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. നെടുമങ്ങാട് ആനാട് സ്കൂളിലും മെഷീൻ പണിമുടക്കി. വെഞ്ഞാറമൂട് വെള്ളുമണ്ണടി സ്കൂളിൽ യന്ത്രതകരാറിനെ തുടർന്ന് വോട്ടിങ് 15 മിനിട്ട് വൈകി. പൂവണത്തുo മൂട് സ്കൂളിൽ 10 മിനിട്ട് വൈകി. ചിറയിൻകീഴ് മേഖലയിലെ പെരുങ്ങുഴി ഗവൺമെന്റ് എൽപി സ്കൂൾ ബൂത്തിൽ വോട്ടിങ് യന്ത്രം രാവിലെ പണിമുടക്കി. വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ മോക് പോൾ സമയത്ത് യന്ത്രം പ്രവർത്തിച്ചില്ല. പകരം യന്ത്രം എത്തിച്ചാണ് വോട്ടിങ് തുടങ്ങിയത്. ആറ്റിപ്ര അരശുമൂട് കാട്ടിൽ എൽപിഎസിലെ 76- നമ്പർ ബൂത്തിൽ യന്ത്രം തകരാറിൽ ആയതിനെ തുടർന്ന് പോളിങ് ഒന്നര മണിക്കൂർ വൈകി. മാണിക്കൽ പഞ്ചായത്തിലെ കൊപ്പം ബൂത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്ന് പരാതിയുയർന്നു.