പാപിയുടെ കൂടെ ശിവൻ ! പിണറായി പറഞ്ഞ ആ ചൊല്ല് വന്നത് ഇങ്ങനെ; കുഞ്ചൻ നമ്പ്യാർ പറഞ്ഞതും ഇത്
Mail This Article
കോട്ടയം∙ ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്. പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു പലരുടെയും സംശയം. സർവകലാശാലകളിലെ മുതിർന്ന മലയാളം അധ്യാപകർക്ക് പോലും കഥ അത്ര പിടിയില്ല. പുരാണം അരച്ചുകലക്കി കുടിച്ചവരോടും പലരും കാര്യം തിരക്കി. അങ്ങനെയൊരു കഥ കേട്ടിട്ടേയില്ലെന്നായിരുന്നു പലരുടെയും മറുപടി. തെക്കൻ കേരളത്തിൽ ഇങ്ങനെയൊരു ചൊല്ലില്ലെന്നും വടക്കൻ കേരളത്തിൽ എന്തെങ്കിലും കഥ കാണുമായിരിക്കുമെന്നും ചില സാഹിത്യകാരന്മാർ പറഞ്ഞു. ബിജെപിക്കാരും കോൺഗ്രസുകാരും പറഞ്ഞു ‘നിങ്ങൾ മൂപ്പരോട് തന്നെ ചോദിക്ക്’. എൽഡിഎഫുകാർക്കും മുഖ്യമന്ത്രി പറഞ്ഞ ചൊല്ലിനെപ്പറ്റി വലിയ ധാരണയില്ല.
പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതു പോലൊരു കഥയില്ലെന്ന് പറയുകയാണ് പ്രൊഫ.ദേശികം രഘുനാഥൻ. ‘‘ഇതൊരു നാടൻ ചൊല്ലാണ്. സംസർഗോ ഗുണോ ദോഷോ ഭവന്തു എന്നതാണ് ചുരുക്കം. വ്യക്തികളുമായുള്ള ഇടപെടൽ കൊണ്ട് ഗുണവും ദോഷവുമുണ്ടാകാം. ആരോട് ഇടപെട്ടാലും പഠിച്ചു മാത്രമേ ഇടപെടാൻ പാടുള്ളൂ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞ ചൊല്ലിന്റെ ചുരുക്കം. ഇവിടെ പാപി ദല്ലാൾ നന്ദകുമാറാണ്. ദല്ലാളിനോട് ചേർന്നാൽ ജയരാജനും പാപിയാകും എന്നതാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ശരിക്കും ജയരാജനെ ശിവനായാണ് പറയുന്നത്. ശിവം എന്ന വാക്കിന്റെ അർഥം മംഗളം എന്നാണ്. അങ്ങേയറ്റം മംഗളം നിറഞ്ഞ വ്യക്തിയാണ് ശിവൻ. അത്രയേയുള്ളൂ ഇതും.’
പൗരാണികതയെ ചുറ്റിപ്പറ്റി നമ്മുടെ സമൂഹത്തിൽ ഒരുപാട് ചൊല്ലുകളുണ്ടെന്ന് ദേശികം രഘുനാഥൻ പറയുന്നു. കഥ വേണമെന്നില്ല അന്തസത്തയ്ക്കാണ് ഇവിടെ പ്രാധാന്യം. ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം’ എന്നു നമ്പ്യാർ പാടിയതിനെയും മുഖ്യമന്ത്രിയുടെ ചൊല്ലുമായി ചേർത്തു വ്യഖ്യാനിക്കാം. രഘോബന്ധം വിശേഷിച്ചിട്ടും പഠിച്ചിട്ടും ചെയ്യണമെന്ന് കാളിദാസൻ വരെ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞാണ് ദേശികം രഘുനാഥൻ തന്റെ സംസാരം അവസാനിപ്പിച്ചത്.
പിണറായി പറഞ്ഞതിനു സമാനമായ ചൊല്ലുകൾ
∙കെട്ടവനെ തൊട്ടാൽ തൊട്ടവനും കെടും
∙ തന്നത്താൻ അറിയാഞ്ഞാൽ പിന്നെ താനറിയും
∙ മരമറിഞ്ഞ് കൊടിയിടണം ആളറിഞ്ഞ് ഇടപെടണം
പിണറായിയുടെ മാസ് ഡയലോഗുകളിൽ ചിലത്
∙കുലം കുത്തികള്‍ എന്നും കുലം കുത്തികള്‍ തന്നെ
∙കടക്ക് പുറത്ത്
∙ നികൃഷ്ട ജീവി
∙ ഒക്കച്ചങ്ങായി
∙ പിപ്പിടിവിദ്യ
∙ അതുക്കുംമേലെ
∙ പരനാറി
∙ പ്രത്യേക ഏക്ഷൻ